സര്‍ക്കാരില്ല, മന്ത്രിയില്ല; SSLC ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍, ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത.

നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച്‌ മെയ് പതിനഞ്ചിനാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിര്‍ണയവും മറ്റു നടപടികളുമൊക്കെ പൂര്‍ത്തിയാക്കി പരീക്ഷാബോര്‍ഡ് നാളെ ചേരും. അവര്‍ ഫലത്തിന് അന്തിമരൂപം നല്‍കുമെങ്കിലും ഫലപ്രഖ്യാപനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

പരീക്ഷാബോര്‍ഡ് ചേര്‍ന്നാല്‍, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ദിവസംകൂടി വേണ്ടിവരും. അതനുസരിച്ചാണ് ബോര്‍ഡ് യോഗം ബുധനാഴ്ച നിശ്ചയിച്ചത്. പതിവുപോലെ തുടര്‍നടപടി പൂര്‍ത്തിയാക്കി, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പരീക്ഷാഭവന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. എന്നാല്‍, സര്‍ക്കാരോ മന്ത്രിയോ ഒന്നുമാവാത്തതിനാല്‍ ഫലം ആരു പ്രഖ്യാപിക്കുമെന്നതാണ് ചോദ്യം. 2021ല്‍ ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. എന്നാല്‍ ഇത്തവണ അതുപോലെ ഉണ്ടാവുമോയെന്നു വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ വാസുകി ലോക്ഭവനിലേക്കു സ്ഥലം മാറി. ഷര്‍മിള മേരി ജോസഫിനാണ് സെക്രട്ടറിയുടെ ചുമതല. ഇതിനു പുറമേ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷുമുണ്ട്. നടപടികള്‍ പൂര്‍ത്തിയായാല്‍, മുന്‍കാലങ്ങളിലേതുപോലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചിച്ച്‌ ഫലപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതേയുള്ളൂ. സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള കേന്ദ്രബോര്‍ഡുകളെല്ലാം ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *