കൂത്തുപറമ്ബില്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കി ഇടതുസര്‍ക്കാര്‍

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ നിയമിതനാകുമ്ബോള്‍ അദ്ദേഹത്തിനെതിരായ മുന്‍ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു.

കേരള ചരിത്രത്തിലെ കറുത്ത ഏടായി മാറിയ കൂത്തുപറമ്ബ് വെടിവെപ്പ് കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹം.

1983 ബാച്ചില്‍പ്പെട്ട ഐപിഎസ് ഓഫീസറായ റവാഡ, കേരള പൊലീസിന്റെ ചരിത്രത്തിലെ നിര്‍ണായക സ്ഥാനത്തേക്ക് എത്തുമ്ബോള്‍, അദ്ദേഹത്തിന്റെ കരിയറും പഴയ വിവാദങ്ങളും വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

ദീര്‍ഘകാലം കേരളത്തിന്റെ പല ജില്ലകളിലും റവാഡ ചന്ദ്രശേഖര്‍ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. 1994 നവംബര്‍ 25-ന് കൂത്തുപറമ്ബ് വെടിവെപ്പ് നടക്കുമ്ബോള്‍ തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്നു.

അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ, പ്രത്യേകിച്ച്‌ സര്‍ക്കാര്‍ ക്വോട്ട സീറ്റുകള്‍ മാനേജ്‌മെന്റിന് നല്‍കുന്നതിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് വെടിവെപ്പ് നടന്നത്. മന്ത്രി എം.വി. രാഘവനെ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ കെ.കെ. രാജീവന്‍, കെ.വി. രോഷന്‍, വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റവാഡ ചന്ദ്രശേഖറിനെ കൂടാതെ ഡെപ്യൂട്ടി കളക്ടര്‍ ടി.ടി. ആന്റണി, ഡിവൈഎസ്പി ഹക്കീം ബത്തേരി, മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കൊലപാതകം (IPC 302), കൊലപാതകശ്രമം (IPC 307), ഗൂഢാലോചന (IPC 120B) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. എന്നാല്‍, 2012 ജൂണില്‍ കേരള ഹൈക്കോടതി, ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കി.

റവാഡ ചന്ദ്രശേഖറിനെതിരായ കുറ്റാരോപണങ്ങള്‍ നിലനിന്നില്ലെങ്കിലും ഈ സംഭവം ഇപ്പോഴും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക വൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. കൂത്തുപറമ്ബ് വിവാദത്തില്‍ അകപ്പെട്ടെങ്കിലും റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി നിയമനം പ്രഖ്യാപിക്കുന്നതില്‍ സിപിഎം എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഹൈക്കോടതി വിധിയിലൂടെ കേസില്‍ നിന്ന് മുക്തനായ അദ്ദേഹത്തിന്റെ നിയമനത്തെ എതിര്‍ക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *