മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; വെളുത്ത പുക ഉടന്‍ ഉയരുമെന്നും സണ്ണി ജോസഫ്

മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് തുറന്ന് പ്രതികരിച്ച്‌ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.

ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് വൈകിട്ടെത്തും. തീരുമാനം എടുത്ത ശേഷം മന്ത്രിസഭ രൂപീകരണ തീരുമാനമുണ്ടാകുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

വമ്പൻ ജയത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ചയെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തില്‍ തീരുമാനം എടുത്തിട്ടല്ല രാഹുല്‍ ഗാന്ധി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചതെന്ന് എ ഐ സി സി വൃത്തങ്ങള്‍ വ്യക്തമാക്കി. നേതാക്കളുടെ അഭിപ്രായം കേട്ട ശേഷം രാഹുല്‍ ഗാന്ധി തീരുമാനിക്കും. കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് പറഞ്ഞിട്ടില്ല. മുൻ മുഖ്യമന്ത്രി എ കെ ആന്റണിയും ആരെയും നിർദേശിച്ചില്ലെന്നാണ് സൂചന.

മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നല്‍കിയേക്കും. മുഖ്യമന്ത്രി ചർച്ചയില്‍ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. നിലവിലെ ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും.

Leave a Reply

Your email address will not be published. Required fields are marked *