ആറന്മുള മണ്ഡലത്തിലെ വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. മെഷീനില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങള്‍ മങ്ങിയ നിലയിലാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
മല്ലപ്പുഴശേരിയിലെ ബൂത്തിലാണ് ആക്ഷേപം ഉയർന്നത്. സംഭവത്തില്‍ യുഡിഎഫ് നേതൃത്വം പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് ഔദ്യോഗികമായി പരാതി നല്‍കി. പരാതി ഗൗരവകരമാണെന്നും ഉടൻ പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു.
അതേസമയം, വിവാദങ്ങള്‍ക്കിടയിലും ആറന്മുളയില്‍ വോട്ടെടുപ്പ് ആവേശകരമായി തുടരുകയാണ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ച വീണാ ജോർജ്, കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ പോളിങ് ശതമാനം ഉയരുന്നത് തനിക്ക് അനുകൂലമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
