തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്ന വിജയിന്റെ ‘തമിഴക വെട്രി കഴകത്തെ’ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.
ചിദംബരം. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കുറവാണെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടിയെ വിളിക്കുക എന്നത് പാര്‍ലമെന്ററി കീഴ്വഴക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചിദംബരം തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറോട് ഈ ആവശ്യം ഉന്നയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക എന്നതാണ് ഗവര്‍ണറുടെ ചുമതലയെന്ന് അദ്ദേഹം പറഞ്ഞു.
234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയ വിജയിനെയാണ് ഗവര്‍ണര്‍ ആദ്യം വിളിക്കേണ്ടത്. ഇത് രാഷ്ട്രീയ നിയമവും പാര്‍ലമെന്ററി മര്യാദയുമാണെന്ന് ചിദംബരം വ്യക്തമാക്കി.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വലിയ കക്ഷിയെ മാറ്റിനിര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. വിജയിന്റെ പാര്‍ട്ടിക്ക് അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചതോടെ എണ്ണം 113 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷത്തിന് അഞ്ച് സീറ്റുകള്‍ കൂടി ഇനിയും ആവശ്യമാണ്.
ഈ സാഹചര്യത്തില്‍ ആരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കണം എന്ന കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്ന് വിജയിന് അനുകൂലമായ ഈ പരസ്യ പിന്തുണ വന്നിരിക്കുന്നത്.
