നിതിന്‍ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റം; കേരളം നിതിന്റെ കുടുംബത്തിനൊപ്പം; മുഖ്യമന്ത്രി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുറത്തുവരുന്നത് കേരളത്തിന് അംഗീകരിക്കാനാവാത്ത വാര്‍ത്തകളാണ്. നിതിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മദിനത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് നിതിന്‍ രാജിന്റെ മരണത്തെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഒരു സമൂഹമെന്ന നിലയില്‍ കേരളം ആര്‍ജിച്ച മൂല്യങ്ങള്‍ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത വാര്‍ത്തകളാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഉഴമലക്കല്‍ സ്വദേശി നിതിന്‍രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാമ്പസുകളിലെ ജാതീയ വിവേചനങ്ങള്‍ നിയമം മൂലം അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ജാതി വിവേചനമുള്‍പ്പെടെയുള്ള വിഭജനവും വിദ്വേഷവും വളര്‍ത്തുന്ന പ്രവണതകള്‍ക്കെതിരെ ഒരുമിച്ച്‌ നിലകൊള്ളേണ്ട സമയം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിതിന്റെ രാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഡിജിപിയെ കണ്ടിരുന്നു. പിന്നാലെ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം കുടുംബത്തിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.

നിതിന്റെ കുടുംബം ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയില്‍ അധ്യാപകരായ ഡോ. എം.കെ റാം, ഡോ.സംഗീത എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. മരിക്കുന്നതിന് മുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സസ്പെന്‍ഷനിലായ ഡോ. എം.കെ. റാമിനെതിരെ മുമ്പും പരാതി ഉന്നയിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

തിരുവനന്തപുരം ഉഴമലയ്ക്കല്‍ കൊറ്റാമല സ്വദേശിയായ നിതിന്‍ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിന്‍. നിറത്തിന്റെയും ജാതിയുടെയും പേരില്‍ അധ്യാപകര്‍ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നു. ‘തെരുവ് പട്ടി’ എന്ന് വിളിച്ച്‌ അപമാനിച്ചിരുന്നതായും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. കോളജിലെ അധ്യാപകര്‍ക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് നിതിന്‍ രാജിന്റെ പുറത്തുവന്ന ശബ്ദസന്ദേശം. നിറത്തിന്റെയും ജാതിയുടെയും പേരില്‍ അധ്യാപകര്‍ വിഡ്ഢിയെന്നും പട്ടിയെന്നും വിളിച്ച്‌ അധിക്ഷേപിച്ചു, മറ്റു വിദ്യാര്‍ഥികളുടെ മുന്‍പില്‍ വെച്ച്‌ നിരവധി തവണ അപമാനിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. അകാരണമായി ഇന്റേണല്‍ മാര്‍ക്ക് കുറച്ചു. അധിക്ഷേപത്തെ ചോദ്യം ചെയ്തപ്പോള്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഒരു അധ്യാപകന്‍ ഭീഷണിപ്പെടുത്തിയ വിവരവും പുറത്തുവന്ന സന്ദേശത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *