കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 6.6 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പിക്ക് ഇപ്പോള്‍ സംസ്ഥാനത്തെ രാജ്യസഭാ എം.പിമാരില്‍ 86 ശതമാനവും സ്വന്തം.
2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍, ബി.ജെ.പിക്ക് 117 അംഗ നിയമസഭയില്‍ രണ്ട് സീറ്റാണു ലഭിച്ചത്. അന്ന് ആം ആദ്മി പാര്‍ട്ടി (എ.എ.പി) 92 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. പഞ്ചാബില്‍നിന്ന് എ.എ.പിക്ക് ഏഴ് രാജ്യസഭാ എം.പിമാരാണ് ഉണ്ടായിരുന്നത്.
ഇവരില്‍ ആറുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പഞ്ചാബില്‍ പാര്‍ട്ടിക്ക് എം.എല്‍.എമാരേക്കാള്‍ കൂടുതല്‍ എം.പിമാരായി. നിയമസഭാ തെരഞ്ഞെടുപ്പ് ഏകദേശം 10 മാസത്തിനുള്ളില്‍ നടക്കാനിരിക്കെയാണ് ഈ മാറ്റം. തങ്ങളുടെ അംഗസംഖ്യ അനുസരിച്ച് ബി.ജെ.പിക്ക് പഞ്ചാബില്‍നിന്ന് രാജ്യസഭാ അംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വിട്ട്് ബി.ജെ.പിയില്‍ ചേര്‍ന്ന പ്രമുഖ പഞ്ചാബി നേതാവും കേന്ദ്രമന്ത്രിയുമായ രവീന്ദര്‍ സിങ് ബിട്ടു 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലുധിയാനയില്‍നിന്ന് പരാജയപ്പെട്ടു. പിന്നീട് അദ്ദേഹത്തെ രാജസ്ഥാനില്‍നിന്നാണ് രാജ്യസഭയിലേക്ക് ബി.ജെ.പി അയച്ചത്. 1998 നും 2022 നും ഇടയില്‍ മാത്രമാണു ബി.ജെ.പിക്ക് പഞ്ചാബില്‍നിന്ന് രാജ്യസഭാ എംപിമാരുണ്ടായിരുന്നത്-അതും 24 വര്‍ഷത്തിനിടെ നാല് പേര് മാത്രം. ഇത് പ്രധാനമായും, ശിരോമണി അകാലിദളിന്റെ പിന്തുണയോടെയാണു നേടിയത്.
117 നിയമസഭാ സീറ്റുകളില്‍ 23 എണ്ണത്തില്‍ മാത്രമേ ബി.ജെ.പിക്ക് മത്സരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 2020ല്‍ കര്‍ഷക സമരം നടന്നപ്പോള്‍ ശിരോമണി അകാലിദള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തള്ളിപ്പറഞ്ഞതോടെ സഖ്യം തകര്‍ന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും വലിയ തിരിച്ചടി നേരിട്ടു. അതേ സമയം, പഞ്ചാബില്‍ എം.എല്‍.എമാരെ കൂറുമാറ്റാനുള്ള ശ്രമം നടക്കുന്നതായി എ.എ.പി. ആരോപിച്ചു. പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ സംസ്ഥാന മന്ത്രിമാരുമായും എം.എല്‍.എമാരുമായും ചര്‍ച്ച നടത്തി. എം.പിമാരുടെ സ്വാധീനത്തില്‍ ആരും ചേരിമാറില്ലെന്നാണ് എ.എ.പിയുടെ അവകാശവാദം.
