നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഇന്ന് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍.

52 ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യുക. രോഹിത് വെമുല നിയമം നടപ്പിലാക്കുക.നിതിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഹര്‍ത്താല്‍. നിര്‍ബന്ധപൂര്‍വ്വം വാഹനങ്ങള്‍ തടയില്ലെന്നും സമാധാനപരമായി ഹര്‍ത്താലുമായി സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇന്നത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ ഹര്‍ത്താലിന്റെ ആവശ്യമില്ലെന്നും സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *