‘മെസി മാര്‍ച്ചില്‍ എത്തും, ഇ മെയില്‍ വന്നിട്ടുണ്ട്’; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻ

സൗഹൃദ മത്സരത്തിനായി അർജന്റീന ടീം അടുത്ത വർഷം മാർച്ചില്‍ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ.

രണ്ട് ദിവസം മുമ്ബ് അർജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നു. മാർച്ചില്‍ വരുമെന്ന് ഉറപ്പ് നല്‍കിയതായും ഇത് സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ (എഎഫ്‌എ) ഉടൻ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. നേരത്തേ ഒക്‌ടോബറില്‍ വരുമെന്നും പിന്നീട് നവംബറില്‍ വരുമെന്നുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കേരളത്തിലെ സ്റ്റേഡിയമടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം നവംബര്‍ വിന്‍ഡോയില്‍ കേരളത്തില്‍ എത്തില്ലെന്ന് ഒടുവില്‍ മന്ത്രിയും സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിനും പ്രഖ്യാപിച്ചു. അടുത്ത വിന്‍ഡോ ആയ മാര്‍ച്ചില്‍ വരുമെന്നാണ് ഇപ്പോള്‍ മന്ത്രി വ്യക്തമാക്കുന്നത്.

കേരളത്തില്‍ വരുമെന്നറിയിച്ചിരുന്ന നവംബർ 14ന് അർജന്റീന, ആഫ്രിക്കൻ രാജ്യമായ അംഗോളയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനെത്തും. ലുവാണ്ടയിലെ സ്റ്റേഡിയത്തിലാണ് മത്സരം. അംഗോളയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഗോട്ട് ടൂർ 2025ന്റെ ഭാഗമായി മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുന്നുണ്ട്. മെസിക്കൊപ്പം സഹതാരം റോഡ്രിഗോ ഡി പോള്‍, യുറഗ്വായ് താരം ലൂയിസ് സുവാരസ് എന്നിവരുമുണ്ടെന്നാണ് വിവരം. ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബയ് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഡിസംബർ 12 മുതല്‍ 15 വരെ ഇന്ത്യയിലുണ്ടാകും. പ്രമുഖ സ്‌പോർട്‌സ് സംരംഭകനും ഗോട്ട് ടൂർ 2025ന്റെ സംഘാടകനുമായ സതാദ്രു ദത്തയാണ് മെസിയെ ഇന്ത്യയിലെത്തിക്കുന്നത്. പെലെ, ഡീഗോ മറഡോണ എന്നിവരെയുള്‍പ്പെടെ മുമ്ബ് ഇദ്ദേഹം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *