മണിപ്പൂര്‍ വംശീയ കലാപം: 58,800-ലധികം ആളുകള്‍ അഭയാര്‍ത്ഥികളായെന്ന് സര്‍ക്കാര്‍

മണിപ്പൂരില്‍ 2023 മെയ് മാസം ആരംഭിച്ച വംശീയ കലാപത്തെത്തുടര്‍ന്ന് ഇതുവരെ 58,821 പേര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടി വന്നതായി സംസ്ഥാന സര്‍ക്കാര്‍.

മണിപ്പൂര്‍ കോണ്‍ഗ്രസ് നേതാവ് ഹരേശ്വര്‍ ഗോസ്വാമി നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആഭ്യന്തര വകുപ്പ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്.

2023 മെയ് 3 മുതല്‍ ഈ വര്‍ഷം മാര്‍ച്ച്‌ 30 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, ഇതുവരെ 217 പേരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.

2026 മാര്‍ച്ച്‌ 10-ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 174 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണിപ്പൂര്‍ പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇതുവരെ 3,000 താല്‍ക്കാലിക വീടുകള്‍ (ജൃലളമയൃശരമലേറ വീൗലെ)െ നിര്‍മ്മിച്ചു നല്‍കി.

കലാപത്തില്‍ 7,894 വീടുകള്‍ പൂര്‍ണ്ണമായും 2,646 വീടുകള്‍ ഭാഗികമായും തകര്‍ക്കപ്പെട്ടു. ഈ വിവരങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാന്‍ തനിക്ക് ഏഴു മാസത്തെ പരിശ്രമം വേണ്ടിവന്നുവെന്ന് ഹരേശ്വര്‍ ഗോസ്വാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മണിപ്പൂരിലെ ഇംഫാല്‍ താഴ്വരയില്‍ താമസിക്കുന്ന മെയ്‌തേയ് വിഭാഗവും മലയോര ജില്ലകളിലെ കുക്കി വിഭാഗവും തമ്മിലാണ് 2023 മെയ് മാസം മുതല്‍ വംശീയ പോരാട്ടം നടക്കുന്നത്.

ആയിരക്കണക്കിന് ആളുകള്‍ അയല്‍ സംസ്ഥാനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ കഴിയുകയാണ്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മണിപ്പൂരിലെ സാഹചര്യം ഇപ്പോഴും പൂര്‍ണ്ണമായും ശാന്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *