കരിമരുന്നു കവര്‍ന്നെടുത്ത സ്വപ്നങ്ങള്‍, വിറങ്ങലിച്ച്‌ തൃശൂര്‍

ശരീരഭാഗങ്ങള്‍ എത്തിച്ചതു ചാക്കുകെട്ടില്‍

തൃശൂർ: ഗവ. മെഡിക്കല്‍ കോളജിന്റെ അത്യാഹിതവിഭാഗത്തിനുമുന്നില്‍ ഇന്നലെയുണ്ടായത് നാടിനെ നടുക്കിയ ദുരന്തക്കാഴ്ചകള്‍.

മരിച്ചവരും പരിക്കേറ്റവരുമായി ചീറിപ്പാഞ്ഞെത്തിയ ആംബുലൻസുകളും ഉറ്റവരെത്തേടി അലയുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായി ആശുപത്രിപരിസരം നിറഞ്ഞു.

നൂറുകണക്കിനാളുകള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയതോടെ തിരക്ക് നിയന്ത്രിക്കാനാകാതെ പോലീസും ആരോഗ്യപ്രവർത്തകരും ബുദ്ധിമുട്ടി.
കത്തിക്കരിഞ്ഞു തകർന്നുചിതറിയ മൃതദേഹങ്ങളും മാംസം വെന്ത മണവുമെല്ലാം ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കി. ചിതറിയ ശരീരഭാഗങ്ങള്‍ ചാക്കുകെട്ടുകളിലാണ് എത്തിച്ചത്. നെഞ്ചുമുതല്‍ കാല്‍ഭാഗംവരെ ചിതറിയാണു മരിച്ചവരില്‍ പലരുടെയും ശരീരങ്ങള്‍ കണ്ടെടുത്തത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ നേരേ മോർച്ചറിയിലേക്കു മാറ്റി. ആദ്യം അഞ്ചുപേർ മരിച്ചെന്ന് അധികൃതർ പറഞ്ഞെങ്കിലും വൈകുന്നേരം ആറോടെ 13 ആയി ഉയർന്നു. 13 പേരെ ഐസിയുവിലും പ്രവേശിപ്പിച്ചു.അപകടം നടന്ന മുണ്ടത്തിക്കോട് സ്ഫോടനം നിലയ്ക്കാത്തതിനാല്‍ പരിക്കേറ്റവരുടെയും മരിച്ചവരുടെയും സ്ഥിതിവിവരങ്ങള്‍ വൈകുന്നേരം ഏഴുവരെയും കൃത്യമായി കണക്കാക്കാനാകാത്ത സ്ഥിതിയായിരുന്നു.

കാത്തിരുന്നത് സമാധാന സന്ദേശം നല്‍കാൻ; സംഭവിച്ചതു ദുരന്തം

തൃശൂർ: പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തില്‍ സമാധാനത്തിന്റെ സന്ദേശവുമായി സാന്പിള്‍ വെടിക്കെട്ട് നടത്താൻ തീരുമാനിച്ച തിരുവന്പാടി വിഭാഗത്തെ കാത്തിരുന്നത് അപ്രതീക്ഷിത ദുരന്തം.

ഇന്നലെ ഉച്ചയോടെ വെടിക്കെട്ടുപുരയും സാമഗ്രികളും സംബന്ധിച്ച്‌ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടു വെടിക്കെട്ട് ലൈസൻസി സതീഷാണു സാന്പിളിന് ജനങ്ങള്‍ക്കുവേണ്ടി ഒരുക്കുന്ന സമാധാനസന്ദേശം വെളിപ്പെടുത്തിയത്. ചുവന്ന നിറമുള്ള ഹൃദയചിഹ്നം ആകാശത്തു വരയ്ക്കുന്ന രീതിയിലുള്ള വെടിക്കെട്ടു കരവിരുതോടെ സാന്പിള്‍ അവസാനിപ്പിക്കാനും ഞായറാഴ്ച നടക്കുന്ന വെടിക്കെട്ടിലും ഈ സന്ദേശം ഉള്‍ക്കൊള്ളിക്കാനുമാണ് അണിയറക്കാർ പദ്ധതിയിട്ടത്.

എന്നാല്‍, എല്ലാ സന്തോഷനിമിഷങ്ങളെയും സമാധാനാന്തരീക്ഷത്തെയും ആർത്തിരന്പിയ പൂരാവേശത്തെയും ഒറ്റനിമിഷത്തില്‍ ഇല്ലാതാക്കിയാണ് വെടിക്കെട്ടുദുരന്തമുണ്ടായത്.

രക്ഷപ്പെട്ടെന്നറിയിച്ചു, പിന്നീട് അറിവില്ല;മനോജിനെ തേടി ഷൈജയും മകനും

തൃശൂർ: വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തില്‍ ഭർത്താവ് മനോജും അകപ്പെട്ടെന്ന വിവരമറിഞ്ഞ് മെഡിക്കല്‍ കോളജിലേക്ക് ഓടിയെത്തിയ ഷൈജയെ തേടി ആശ്വാസവാർത്തയെത്തിയെങ്കിലും ആശങ്ക തുടരുന്നു. “പേടിക്കേണ്ട എന്നു വീട്ടില്‍ പറയണം. എനിക്കു കുഴപ്പമൊന്നുമില്ല’ എന്നു മനോജ് കുണ്ടന്നൂരിലെ ഓട്ടോ തൊഴിലാളിയായ ഷാജിയെ വിളിച്ചുപറഞ്ഞെന്നായിരുന്നു വിവരം. എന്നാല്‍, പിന്നീട് വിവരമൊന്നുമില്ല.

സിംകാർഡ് തകരാറിലായതോടെ മനോജ് ഫോണ് വീട്ടില്‍വച്ചാണ് വെടിക്കെട്ടുപുരയില്‍ ജോലിക്കു പോയത്. വിളിച്ച നന്പറിലേക്കു തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ലെന്നു ഷൈജ പറഞ്ഞു. “കുഴപ്പമൊന്നുമില്ല’ എന്ന ഒറ്റവാക്കിന്റെ ബലത്തിലാണു ഷൈജയും മകനും ആശുപത്രില്‍ രാത്രി വൈകിയും തുടരുന്നത്. പരിക്കേറ്റ് ഐസിയുവിലാണോ അതോ ആശുപത്രിക്കു പുറത്താണോ എന്നതു വ്യക്തമല്ല.

കുണ്ടന്നൂർ സ്വദേശിയായ മനോജ് എല്ലാ വർഷവും പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടുപണികള്‍ക്കു പോകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *