വനിത മാധ്യമ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതിന് സൈബർ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താൻ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.
സൈബർ ആക്രമണത്തിന് അറുതിവരുത്താനും സൈബർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യൂണിയൻ നിവേദനം നല്‍കി.
സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവർത്തകർക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മർദ സാഹചര്യങ്ങളിലൂടെ തൊഴില്‍ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന ഈ സൈബർ ലിഞ്ചിങ് സൈ്വര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാൻ രാജ്യത്ത് നിയമസംവിധാനങ്ങള്‍ ഉണ്ടായിരിക്കെ മാധ്യമപ്രവർത്തകരെ സൈബർ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നും പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. പ്രമുഖരായ വനിത മാധ്യമപ്രവർത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബർ ലിഞ്ചിങ്ങിനുമാണ് സൈബർ ഗുണ്ടകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സൈബർ ക്രിമിനലുകളെ വിലക്കാൻ ബന്ധപ്പെട്ട പാർട്ടി നേതൃത്വങ്ങള്‍ ഇടപെടണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.