അപകടങ്ങള്‍ക്കും റോഡുകളുടെ തകര്‍ച്ചക്കും കാരണമാകുന്നു ; ദേശീയപാതകളില്‍ അമിതഭാരം കയറ്റിയ ട്രക്കുകള്‍ അനുവദിക്കരുതെന്ന് ഹൈകോടതി

അമിതഭാരം കയറ്റിയ ട്രക്കുകളടക്കം വാഹനങ്ങളെ ദേശീയപാതയില്‍ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ഇത്തരം വാഹനങ്ങള്‍ അപകടങ്ങള്‍ക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.

രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻറെ നിർദേശം. ദേശീയപാതയില്‍ ഇവയുടെ സഞ്ചാരം തടയാൻ അടിയന്തര നടപടി വേണം.

ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി തയാറാക്കിയ കരട് പ്രവർത്തന നടപടിക്രമം (എസ്.ഒ.പി) എങ്ങനെ നടപ്പാക്കാനാവുമെന്ന് സർക്കാർ അറിയിക്കാനും കോടതി നിർദേശിച്ചു.

കരിങ്കല്‍ ഉല്‍പന്നങ്ങളും മറ്റും ഇപ്രകാരം കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതി വെട്ടിപ്പും നടക്കുന്നുണ്ടെന്നടക്കം ചൂണ്ടിക്കാട്ടി തൃശൂർ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീശൻ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

ദേശീയപാത അതോറിറ്റിയുടെ എസ്.ഒ.പി ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം ചർച്ച ചെയ്തതായി അറിയിച്ച സർക്കാർ, ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തീരുമാനങ്ങളും അവ നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും അറിയിക്കാൻ ഒരാഴ്ച സമയംതേടി. ട്രക്കുകളില്‍ അമിതഭാരം കയറ്റുന്നത് തടയാൻ ദേശീയപാത അതോറിറ്റിയും ഗതാഗത വകുപ്പും മറ്റ് ഏജൻസികളും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.

അമിതഭാരം കയറ്റിവരുന്ന ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസ് താല്‍ക്കാലികമായി സസ്പെൻഡ് ചെയ്യണം. നിയമലംഘനം തുടർച്ചയായി നടത്തിയാല്‍ ഹെവി ലൈസൻസ് റദ്ദാക്കണം. അമിതഭാരം റോഡ് തകരാനും അതിലൂടെ ഖജനാവിന് നഷ്ടമുണ്ടാക്കാനും കാരണമാകുന്നു. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്തുണ്ടായ 48,841 വാഹനാപകടങ്ങളില്‍ 3875 പേർ മരിക്കുകയും പതിനായിരങ്ങള്‍ക്ക് മാരക പരിക്കേല്‍ക്കുകയും ചെയ്തു. പല അപകടങ്ങള്‍ക്കും കാരണമായത് ഭാരവാഹനങ്ങളാണ്.

അമിതഭാരത്തിന് പിഴ ഈടാക്കുന്നതിനടക്കമുള്ള അധികാരം ഗതാഗത വകുപ്പിനാണെങ്കിലും വാഹനങ്ങളുടെ ഭാരം തൂക്കി ഉറപ്പിക്കുന്നതിനുള്ള സൗകര്യം ടോള്‍ പ്ലാസകളില്‍ ലഭ്യമാക്കാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഇതടക്കം ഉള്‍പ്പെടുത്തിയാണ് എസ്.ഒ.പി തയാറാക്കിയിരിക്കുന്നത്. വിഷയം ഡിസംബർ 11ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *