രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; അന്വേഷണത്തിന് ജി പൂങ്കുഴലി ഐപിഎസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പീഡന കേസ് ജി പൂങ്കുഴലി ഐപിഎസ് നേതൃത്വം നല്‍കുന്ന പ്രത്യേക സംഘം അന്വേഷിക്കും.

പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണം സംഘം. ഒമ്ബതാം ദിവസവും എംഎല്‍എ ഒളിവില്‍ തന്നെയാണ്. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി.

രാഹുലിന്റെ സഹായികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ രാഹുലിലേക്ക് എത്താന്‍ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം. അതേസമയം, ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങാനാണ് സാധ്യത. അതിനു മുന്‍പേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *