കയ്യും കാലും തല്ലിയൊടിക്കും’; വനിതാ തഹസില്‍ദാരോട് ദേവികുളം എംഎല്‍എ എ.രാജയുടെ ഭീഷണി

റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇടുക്കി ദേവികുളം എംഎല്‍എ എ.രാജ. മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ സി. ഗായത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഉദ്യോഗസ്ഥരോട് മര്യാദയ്ക്ക് നില്‍ക്കാന്‍ പറയണമെന്നും ഇല്ലെങ്കില്‍ അവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും എ രാജ ഭീഷണി മുഴക്കിയത്.

നിയമം മാത്രം നോക്കി നിന്നാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് തഹസില്‍ദാരും മറുപടി പറഞ്ഞു.

മേഖലയിലെ പട്ടയഭൂമിയില്‍ വീട് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ എന്‍.ഒ.സി. നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ എ. രാജയുടെ നേതൃത്വത്തില്‍ ദേവികുളം താലൂക്ക് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം ധര്‍ണ്ണ നടത്തിയിരുന്നു. കേരളത്തിലെ മറ്റ് ഭാഗങ്ങളില്‍ പഞ്ചായത്ത് പെര്‍മിറ്റ് ഉപയോഗിച്ച്‌ വീട് നിര്‍മ്മിക്കാന്‍ സാധിക്കുമെങ്കിലും മൂന്നാര്‍ ഉള്‍പ്പെടെയുള്ള 13 വില്ലേജുകളില്‍ തഹസില്‍ദാരുടെയോ സബ് കലക്ടറുടെയോ എന്‍.ഒ.സി. നിര്‍ബന്ധമാണ്.
കഴിഞ്ഞ എട്ടു മാസമായി ഈ മേഖലയില്‍ എന്‍.ഒ.സി. അനുവദിക്കുന്നില്ലെന്നാണ് എംഎല്‍എയുടെ പ്രധാന പരാതി. സര്‍ക്കാര്‍ പദ്ധതിയായ ലൈഫ് മിഷന്‍ വഴി വീട് ലഭിച്ച പാവപ്പെട്ടവര്‍ക്ക് പോലും എന്‍.ഒ.സി. നല്‍കാതെ റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *