ആന്ധ്രാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ അട്ടിമറി? വോട്ടെടുപ്പ് പുലര്‍ച്ചെ 2 മണിവരെ, 135 മിനിറ്റില്‍ 17 ലക്ഷം വോട്ടുകള്‍, 20 സെക്കന്റില്‍ ഒരു വോട്ട്, വെളിപ്പെടുത്തി ധനമന്ത്രിയുടെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സമഗ്രതയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും, പ്രമുഖ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകര്‍ രംഗത്തെത്തി.

2024-ലെ ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ ഔദ്യോഗിക ഡാറ്റയും ആന്ധ്രപ്രദേശ് ചീഫ് ഇലക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് ഈ ആരോപണം.

വൈകിട്ട് അവസാനിക്കേണ്ട തെരഞ്ഞെടുപ്പ് പുലര്‍ച്ചവരെ നീണ്ടു. മെയ് 13, 2024 രാത്രി 11:45 മുതല്‍ മെയ് 14 പുലര്‍ച്ചെ 2:00 വരെയുള്ള 135 മിനിറ്റ് സമയത്തിനുള്ളില്‍ വോട്ടര്‍ ടേണ്‍ഔട്ട് 76.50 ശതമാനത്തില്‍ നിന്ന് 80.66 ശതമാനമായി ഉയര്‍ന്നു. അതായത് 4.16 ശതമാനം വര്‍ധനവ്. ഏകദേശം 3,500 ബൂത്തുകളിലായി 17 ലക്ഷത്തിലധികം വോട്ടുകള്‍ ഒറ്റയടിക്ക് പ്രത്യക്ഷപ്പെട്ടു. ബൂത്ത് ഒന്നിന് ശരാശരി 491 വോട്ടുകള്‍ എന്ന കണക്ക്. മിനിറ്റില്‍ 3.6 വോട്ടുകള്‍ വീതം, ഒരു വോട്ടര്‍ക്ക് ഏകദേശം 20 സെക്കന്‍ഡ് മാത്രം സമയം.

ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പില്‍ അസംബ്ലി, ലോക്‌സഭ എന്നിങ്ങനെ രണ്ട് VVPAT സ്ലിപ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ ഈ സമയം വെറും 6 സെക്കന്‍ഡായി ചുരുങ്ങുമെന്നാണ് പ്രഭാകറിന്റെ വാദം. ഇത് വോട്ട് തട്ടിപ്പിന്റെ ‘റെഡ് ഫ്‌ലാഗ്’ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രഭാകര്‍ ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനെ 20 ദിവസം മുന്‍പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ടിഡിപി-ജനസേന-ബിജെപി സഖ്യം 175 സീറ്റുകളില്‍ 164 എണ്ണം നേടിയ ‘ലാന്‍ഡ്സ്ലൈഡ്’ വിജയത്തിന് പിന്നില്‍ ഈ ‘മിസ്ചീഫ്’ ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗിക പ്രസ് റിലീസുകള്‍ പ്രകാരം മെയ് 13 രാത്രി 11:45-ന് 76.50% ആയിരുന്ന ടേണ്‍ഔട്ട് മെയ് 17-ന് 80.66% ആയി മാറി. 17 ലക്ഷം വോട്ടുകളുടെ ‘രാത്രികാല മാജിക്’ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ സംശയത്തിന്റെ നിഴലിലാക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഡിജിറ്റല്‍ പോളിങ് സംവിധാനമുള്ള രാജ്യത്ത് ഇത്തരം അസാധാരണമായ വര്‍ധനവ് എങ്ങനെ സാധ്യമായി എന്ന ചോദ്യവും ഉയരുന്നു.

വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കുമോ, അതോ പതിവുപോലെ ‘മറച്ചുവയ്ക്കുമോ’ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *