ഡിജിറ്റല്‍ റീസര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി; അന്വേഷിക്കണമെന്നു ഹൈക്കോടതി

ഡിജിറ്റല്‍ റീസർവേക്കായി റവന്യൂ വകുപ്പ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി കണ്ടെത്തിയെന്ന വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

വിജിലൻസ് റിപ്പോർട്ടില്‍ സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരേ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.

മൂന്നാഴ്ചയ്ക്കകം വിശദാന്വേഷണം നടത്തി റിപ്പോർട്ട് നല്‍കണമെന്നാണ് ഉത്തരവിലുള്ളത്. സംസ്ഥാനത്തെ 1666 വില്ലേജുകളില്‍ റീസർവേ നടത്താൻ 343 കോടി രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. ഇതില്‍ അഴിമതി കണ്ടെത്തിയെന്നാണു വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. 168 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയ ഉപകരണങ്ങള്‍ക്കാണ് 343 കോടി ചെലവഴിച്ചത്.

ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും മുമ്ബ് വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ ഉപയോഗശൂന്യമാക്കിയെന്നും മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും ഷാജി പരാതി നല്‍കിയിരുന്നു. പിന്നീട് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ പത്രങ്ങളില്‍ കൃത്യമായി പരസ്യം നല്‍കാതെയാണ് ടെൻഡർ ക്ഷണിച്ചതെന്നു കണ്ടെത്തി.

എന്നാല്‍ തുടരന്വേഷണത്തിനു സർക്കാർ തയാറായില്ല. പ്രധാനമന്ത്രിക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതായപ്പോഴാണ് ഷാജി ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ചീഫ് ജസ്റ്റീസ് സുമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാമകുമാർ എന്നിവരുടെ ബെഞ്ചാണു ഹർജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *