‘റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറിയുള്ള സമരവും തങ്ങളുടെ രീതിയല്ല’; യൂത്ത് കോണ്‍ഗ്രസിനെ തള്ളി വി.ഡി. സതീശൻ

മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.

സതീശൻ. മന്ത്രിമാരുടെ വീട്ടില്‍ കയറുന്നതും റീത്ത് വെക്കുന്നതും കോണ്‍ഗ്രസിന്റെയോ തന്റെയോ രീതിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

പ്രതിപക്ഷ നേതാവിന്റെ നിർദേശപ്രകാരമാണ് സമരം നടന്നതെന്ന മന്ത്രി വീണാ ജോർജിന്റെയും വി. ശിവൻകുട്ടിയുടെയും ആരോപണങ്ങള്‍ക്ക് സതീശൻ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. “മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വെക്കാൻ പറയലല്ല എന്റെ ജോലി. ഇത്തരം സമരമുറകള്‍ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കാറില്ല,” അദ്ദേഹം പറഞ്ഞു.

തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്കും പറവൂരിലെ സ്വകാര്യ വീടിലേക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ചെടിച്ചട്ടികള്‍ തകർക്കുകയും തന്നെ കാണാൻ വന്നവരെ മർദിക്കുകയും ചെയ്തത് മന്ത്രിമാരുടെ നിർദേശപ്രകാരമാണോ എന്ന് സതീശൻ ചോദിച്ചു. അക്രമികള്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം ഇരകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ പോലീസ് നടപടിയെയും അദ്ദേഹം വിമർശിച്ചു. കൊലവിളി നടത്തുന്നതും റീത്ത് വെക്കുന്നതും തങ്ങളുടെ രീതിയല്ലെന്ന് ആവർത്തിച്ച പ്രതിപക്ഷ നേതാവ്, സമരങ്ങളിലെ അതിരുകടന്ന രീതികളെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *