കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാമതൊരു സർക്കാർ അധികാരത്തില്‍ വരുന്നത് സംസ്ഥാനം കാണാനിരിക്കുന്ന ഏറ്റവും വലിയ മഹാദുരന്തമായിരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.
ആന്റണി (AK Antony). യു.ഡി.എഫ് ഇടിമുഴക്കം പോലെ അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും നിലവിലെ ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലമായി പിണറായി വിജയൻ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ‘അദൃശ്യനായ മുഖ്യമന്ത്രി’യായി മാറിയെന്ന് ആന്റണി പരിഹസിച്ചു. സെക്രട്ടേറിയറ്റിനെ ഒരു രാവണൻ കോട്ടയാക്കി മാറ്റിയ അദ്ദേഹം പി.ആർ ഏജൻസികളിലൂടെ മാത്രമാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അധികാരമേറ്റപ്പോള്‍ ജനകീയനായിരുന്ന മുഖ്യമന്ത്രി, ഇന്ന് ജനങ്ങള്‍ എത്രയും വേഗം ഒഴിഞ്ഞുപോയാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന വ്യക്തിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്തു വർഷം ഭരിച്ചിട്ടും ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അവസാന മന്ത്രിസഭാ യോഗങ്ങളില്‍ ധൃതിപിടിച്ച് പ്രഖ്യാപിക്കുന്നത്. ഇതിന് കടലാസിന്റെ വില പോലും ജനങ്ങള്‍ നല്‍കില്ല. തൊഴിലില്ലായ്മയും ഭരണസ്തംഭനവും കാരണം കേരളത്തിലെ യുവാക്കള്‍ കൂട്ടത്തോടെ നാടുവിടുകയാണ്. ഈ അവസ്ഥ താങ്ങാനുള്ള കരുത്ത് ഇനി കേരളത്തിനില്ല-അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം തകരാൻ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാല്‍ ബിജെപിക്ക് മണ്ണൊരുക്കുന്നത് പിണറായിയുടെ ഭരണരീതിയാണ്. ഇടതുപക്ഷം നിലനില്‍ക്കണമെങ്കില്‍ ഈ ഭരണം അവസാനിച്ചേ തീരൂ.ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല. ജാതിയും മതവും തിരിച്ച് തെരുവുകളില്ലാത്ത ഈ നാട് അത്തരം രാഷ്ട്രീയത്തെ തള്ളിക്കളയുമെന്നും ആന്റണി വ്യക്തമാക്കി.
“മൂന്നാമതും പിണറായി വരും എന്ന പ്രചാരണം മാത്രം മതി യുഡിഎഫിന് വോട്ട് കൂടാൻ. കാരണം ഇടതുപക്ഷ പ്രവർത്തകർ പോലും മറ്റൊരു പിണറായി ഭരണത്തെ ഭയപ്പെടുന്നു,” എ.കെ. ആന്റണി കൂട്ടിച്ചേർത്തു.
