ഗുരുവായൂർ ക്ഷേത്രത്തില്‍നിന്ന് മാറ്റിനിർത്തിയ മുതിർന്ന കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയുടെ കാര്യത്തില്‍ ദേവസ്വം നിലപാടില്‍ അയവില്ല.
ഔദ്യോഗിക നോട്ടീസ് കൈപ്പറ്റാത്തതും രേഖാമൂലം മറുപടി നല്‍കാത്തതുമാണ് കാരണം. എന്നാല്‍, കീഴ്ശാന്തിജോലിയില്‍നിന്ന് തന്നെ മാറ്റി നിർത്തുന്നെന്ന് കാണിച്ചുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് രാമൻ നമ്പൂതിരിയുടെ വാദം.
വിഷയം സംബന്ധിച്ച് ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് അദ്ദേഹം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. എന്നാല്‍, പോസ്റ്റ് പിൻവലിച്ചതല്ല, ഡിലീറ്റ് ആയതാകാമെന്നാണ് കുമ്മനം പറയുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ചർച്ചയായ വിഷയം വിവിധ ഹൈന്ദവ സംഘടനകള്‍ ഏറ്റെടുത്തിട്ടുണ്ട്.
ഒക്ടോബർ 20-ന് വെളുപ്പിന് മലർനിവേദ്യസമയത്താണ് സംഭവം. ഭരണസമിതിയംഗം കെ.പി. വിശ്വനാഥൻ നാലമ്പലത്തിലുണ്ടായിരുന്നു. രാമൻ നമ്പൂതിരി ശ്രീലകവാതില്‍ വലിയ ശബ്ദത്തില്‍ അടച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസർ, ക്ഷേത്രം മാനേജർ എന്നിവരുടെ രേഖാമൂലമുള്ള പരാതിയില്‍ ദേവസ്വം ഭരണസമിതിയോഗം വിഷയം ചർച്ചചെയ്തു. കെ.പി. വിശ്വനാഥനോടും വിവരങ്ങളാരാഞ്ഞു. തുടർന്ന് നവംബർ അഞ്ചിന് രാമൻ നമ്പൂതിരിയെ ഭരണസമിതി വിളിപ്പിച്ചു. സമയക്രമം പാലിച്ചാണ് ശ്രീലകവാതില്‍ അടച്ചതെന്ന് അദ്ദേഹം സമിതിയെ അറിയിച്ചു. എന്നാല്‍ തന്ത്രിയടക്കമുള്ളവരുണ്ടായിരുന്ന യോഗത്തില്‍ ധിക്കാരപരമായി പെരുമാറിയെന്നാണ് രാമൻ നമ്പൂതിരിക്കെതിരായ ആരോപണം.
