കേരളത്തിലെ എയിംസ് വിഷയത്തില്‍ കേന്ദ്രമന്ത്രി സുരഷ് ഗോപിക്ക് മറുപടിയുമായി രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്.
സുരേഷ് ഗോപി കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കുകയാണെന്നും പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് തുറന്നടിച്ചു. ആരോഗ്യ രംഗത്ത് മികച്ചു നില്ക്കുന്ന കേരളത്തോട് മര്യാദ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിനും എയിംസിന് അർഹതയില്ലേയെന്നും മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിച്ച ശേഷം കേരളത്തിന് എയിംസ് ലഭിച്ചാല്‍ മതിയെന്നാണോ നിലപാടെന്നും അദ്ദേഹം ചോദിച്ചു.
എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നെന്നും ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു, തൃശൂരിന്റെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഓർത്ത് അനുതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഇത്തവണ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്നും അത് ആലപ്പുഴയിലോ തൃശൂരിലോ ആയിരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് സുരേഷ് ഗോപി പറഞ്ഞിരുന്നു. ബജറ്റിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ വലിയ ട്രോളുകള്‍ വന്നിരുന്നു.
ഇതിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ 2016ല്‍ എയിംസ് പ്രഖ്യാപിച്ചതാണെന്നും അതിന്റെ ഭാഗമായി കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥലം കണ്ടെത്തി നല്‍കണമെന്നും വികസിപ്പിക്കാൻ സാധ്യതയുള്ള സ്ഥലമാകണം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികരണം രക്ഷപ്പെടാൻ വേണ്ടി സുരേഷ് ഗോപി നടത്തുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് തുറന്നടിച്ചു
