നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം എൻഡിഎയും യുഡിഎഫും തമ്മില്‍: രാജീവ് ചന്ദ്രശേഖര്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എല്‍ഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എല്‍ഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റില്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോണ്‍ഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.’-രാജീവ് വിമർശിച്ചു.

സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാള്‍ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എല്‍ഡിഎഫ് സർക്കാർ പാലിച്ചില്ല.

റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികള്‍ക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂള്‍ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂള്‍ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *