സംസ്ഥാനത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, പുതിയആശുപത്രികള്‍ എന്നിവയുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നതിന് സർക്കാർ 10,000 കോടി ചിലവഴിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
ചാത്തന്നൂർ നഗരസഭയുടെ വിവിധ വാർഷികപദ്ധതികളില്‍ ഉള്‍പ്പെടുത്തി പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ 1.2 കോടി രൂപ ചെലവില്‍ നിർമ്മിച്ച പുതിയ ഒ.പി. കെട്ടിടം ഉദ്ഘടാനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വകാര്യ ആശുപത്രികളില്‍മാത്രം ഉണ്ടായിരുന്ന സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ സർക്കാർതലത്തില്‍ വികേന്ദ്രീകരിച്ച് ജില്ല-താലൂക്ക് ആശുപത്രികളില്‍ ലഭ്യമാക്കി. ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും കാത്ത് ലാബ്, പക്ഷാഘാത ചികിത്സ, വിവിധ ആശുപത്രികളില്‍ കരള്‍-മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി ഉയർന്നചിലവിലുള്ള ചികിത്സകള്‍ സർക്കാർ ആശുപത്രികളില്‍ നല്കിതുടങ്ങി. നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർ ഉള്‍പ്പെടെയുള്ള തസ്തികകള്‍അനുവദിക്കുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയുമായി ചർച്ചനടത്തിയതായും മന്ത്രി വ്യക്തമാക്കി.
രോഗനിയന്ത്രണം മുന്നില്‍ക്കണ്ട് 30 വയസിനു മുകളിലുള്ള എല്ലാവരും വർഷത്തില്‍ഒരിക്കല്‍ ജീവിതശൈലിരോഗങ്ങള്‍ പരിശോധിച്ച് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് 27.5 ലക്ഷം രൂപ ചിലവില്‍ കലയ്ക്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, ഏഴ് ലക്ഷം രൂപ വീതം വിനിയോഗിച്ച് ചിറക്കരതാഴം, താഴംസൗത്ത് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഓണ്‍ലൈനായി മന്ത്രി നിർവഹിച്ചു.
ജി എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സണ്‍ പി ശ്രീജ, വൈസ് ചെയർപേഴ്സണ്‍ എ. സഫർ കയാല്‍, സ്ഥിരംസമിതി അധ്യക്ഷർ, ജില്ലാ മെഡിക്കല്‍ ഓഫീസർ ഇൻ ചാർജ് ഡോ. എം എസ് അനു, ദേശീയആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ് കിരണ്‍ തുടങ്ങിയവർ പങ്കെടുത്തു.