കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടി സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി സിപിഎം.
കീഴ്ഘടകങ്ങള്‍ക്ക് നല്കിയ നിർദേശത്തിലാണ് ജനങ്ങളോട് ഇടപെടേണ്ട വിധത്തെ കുറിച്ചും, വിശദീകരിക്കേണ്ട വിഷയങ്ങളെ കുറിച്ചും പരാമർശിക്കുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമാപൂർവം കേള്‍ക്കണം.
തർക്കിക്കാൻ മുതിരരുത്. ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നുമാണ് പാർട്ടി ഘടകങ്ങള്‍ക്ക് നല്കിയ കുറിപ്പില്‍ ആവശ്യപ്പടുന്നത്.ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളില്‍ നല്‍കേണ്ട മറുപടിയുള്‍പ്പെടെയാണ് കുറിപ്പിലുള്ളത്. ഉയർന്നുവരാൻ സാധ്യതയുള്ള ചോദ്യങ്ങളില്‍ പാർട്ടിയുടെ നിലപാട് എന്ന നിലയിലാണ് കുറിപ്പില്‍ വിഷയങ്ങള്‍ വിശദീകരിക്കുന്നത്. ഗൃഹ സന്ദർശനത്തിന് വിട്ടുകാരെ പരിചയമുള്ളവർ ഉള്‍പ്പെട്ട ചെറിയ സ്ക്വാഡുകള്‍ മതിയാകും, വീടിനകത്ത് ഇരുന്ന് സംസാരിക്കാൻ ശ്രമിക്കണം.
സംയമനം പാലിച്ച് സംസാരിക്കണം. അവർക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണം. ഇടയ്ക്ക് കയറി സംസാരിക്കരുത്. എല്ലാം ക്ഷമാപൂർവം കേട്ട് മറുപടി നല്‍കണം തുടങ്ങിയവയാണ് നിർദേശങ്ങള്‍.ശബരിമല സ്വർണക്കൊള്ളയില്‍ സർക്കാരിന് പങ്കില്ലേ എന്ന് ചോദ്യം ഉയർന്നാല്‍ കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാൻ പാടില്ലെന്ന സമീപനമാണ് സർക്കാരിന്റേതെന്ന് മറുപടി നല്‍കണം എന്നും കുറിപ്പ് പറയുന്നു.
എന്തുകൊണ്ട് എ. പത്മകുമാറിനെതിരേ നടപടിയെടുത്തില്ല എന്ന് ചോദിച്ചാല്‍ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് പറയണം. ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരായ വിമർശനങ്ങള്‍ വിശ്വാസികള്‍ക്കെതിരെ ഉള്ളതല്ലെന്ന് ബോധ്യപ്പെടുത്തണം എന്നും പാർട്ടിയുടെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ കുറിപ്പിലെ എല്ലാകാര്യങ്ങളും എല്ലായിടത്തും പറയാനുള്ളതല്ലെന്ന മുന്നറിയിപ്പും പ്രവർത്തകർക്ക് പാർട്ടി നല്‍കുന്നുണ്ട്.
