സ്കൂളുകളില്‍ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി .
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ക്ക് ചോയ്സ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.
വകുപ്പ് നിർദ്ദേശിക്കുന്ന കാര്യം ചെയ്യണം. എന്നാല്‍ നിർബന്ധപൂർവ്വം സർക്കാർ കുട്ടികളില്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിർബന്ധമായി ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ആവശ്യമുള്ള കുട്ടികള്‍ക്ക് ചെയ്യാം. അല്ലാത്തവർ സ്കൂളിനെ അറിയിച്ചാല്‍ മതി. എന്നാല്‍ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തില്‍ നിന്നും മാറി നില്‍ക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകളില്‍ നടക്കുന്നത് ലഘുവ്യായാമമാണെന്നും കൂട്ടികള്‍ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അല്‍പ്പവസ്ത്രം ധരിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഒരോ സ്കൂളിൻ്റെയും സാഹചര്യം അനുസരിച്ച് ചെയ്താല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും ഉറപ്പു വരുത്തുമെന്നും ശിവൻകുട്ടി പ്രതികരിച്ചു.സൂംബ, എയ്റോബിക്സ്, യോഗ തുടങ്ങിയവ നടപ്പാക്കുന്നതിനെതിരെ ചില കോണുകളില്‍ നിന്ന് എതിർപ്പുള്ള വിവരം മന്ത്രി ചൂണ്ടിക്കാണിച്ചു. സർക്കാർ ആരുടെയും ജാതിയും മതവും നോക്കിയിട്ടില്ല. ലഘുവസ്ത്രത്തെക്കുറിച്ച് എങ്ങനെ പറയാൻ തോന്നുന്നുവെന്നും മന്ത്രി ചോദിച്ചു.