ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്തവർക്ക് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയില്ലെന്ന് അമിത് ഷാ

ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്തവർക്ക് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ശബരിമല സ്വർണക്കൊള്ള കേസ് ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സന്ദർശനത്തിനിടെ ബിജെപിയുടെ ജനപ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണക്കൊള്ള കേരളത്തിലെ ഭക്തരെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരെ ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല കേസില്‍ നിലവില്‍ തയ്യാറാക്കിയിരിക്കുന്ന എഫ്‌ഐആർ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് അമിത് ഷാ ആരോപിച്ചു. എല്‍ഡിഎഫുമായി ബന്ധപ്പെട്ട രണ്ട് പേർ സംശയനിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കേരള പോലീസില്‍ നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തട്ടിപ്പില്‍ നിന്ന് കോണ്‍ഗ്രസിനും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഈ കേസ് ഒരു നിഷ്പക്ഷ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തയ്യാറാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീർപ്പ് രാഷ്ട്രീയമാണെന്നും വിഷയത്തില്‍ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *