മരിച്ചാല്‍ മൃതദേഹം റോമിലെ പരിശുദ്ധ മറിയത്തിന്റെ വലി പള്ളിയില്‍ കബറടക്കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ.
അന്ത്യകര്‍മങ്ങള്‍ ലളിതമായിരിക്കണം. മെക്സിക്കോയിലെ എൻ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് തന്നെ വത്തിക്കാനില്‍ കബറടക്കേണ്ടെന്നു മാര്‍പാപ്പ വ്യക്തമാക്കിയത്.
മരിയൻഭക്തിക്കു പ്രസിദ്ധനായ ഫ്രാൻസിസ് മാര്‍പാപ്പ കൂടെക്കൂടെ റോമിലെ വലിയ പള്ളിയിലുള്ള പരിശുദ്ധ കന്യാമാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ഥിക്കാനെത്താറുണ്ട്. അവിടെത്തന്നെ തന്നെ അടക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മാര്‍പാപ്പമാര്‍ കാലംചെയ്തുകഴിഞ്ഞാലുള്ള സുദീര്‍ഘ ചടങ്ങുകള്‍ വേണ്ട. വത്തിക്കാൻ വൃത്തങ്ങളുമായി ഇക്കാര്യം ചര്‍ച്ചചെയ്യുന്നുണ്ട്.
അടുത്ത വര്‍ഷം ബെല്‍ജിയം, പോളിനേഷ്യ, സ്വദേശമായ അര്‍ജന്റീന എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും മാര്‍പാപ്പ പ്രകടിപ്പിച്ചു.
മാര്‍പാപ്പമാരുടെ മൃതദേഹങ്ങള്‍ സാധാരണ വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയ്ക്കു താഴെയാണ് അടക്കം ചെയ്യാറ്. 1903ല്‍ ലിയോ പതിമൂന്നാമന്റെ മൃതദേഹം റോമിലെ സെന്റ് ജോണ്‍ ലാറ്ററൻ ബസിലിക്കയിലാണ് കബറടക്കിയത്.