തുലാമാസം പിറന്നതോടെ കണ്ണന്റെ സന്നിധിയില്‍ കല്യാണത്തിരക്കേറി . ഞായറാഴ്ച 187 വിവാഹങ്ങളാണ് നടന്നത്.
തുലാം ആദ്യ ഞായര്‍ നല്ല മുഹൂര്‍ത്തമുള്ള ദിവസമായിരുന്നു. ചിങ്ങം കഴിഞ്ഞാല്‍ കല്യാണത്തിന് തിരക്കുള്ള മാസം തുലാം ആണ്.
ഞായറാഴ്ച രാവിലെ അഞ്ചിന് താലികെട്ട് ആരംഭിച്ചു. അഞ്ച് മണ്ഡപങ്ങള്‍ ഒരുക്കി. രാവിലെ എട്ടിനുള്ളില്‍ 100 കല്യാണങ്ങള്‍ നടന്നു. കിഴക്കേനടപ്പുരയില്‍ കല്യാണക്കാരുടെ തിരക്ക് പ്രകടമാകാത്ത തരത്തിലായിരുന്നു ആസൂത്രണങ്ങള്‍. എന്നാല്‍, മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്ത് നിയന്ത്രണാതീതമായ തിരക്കനുഭവപ്പെട്ടു. കല്യാണക്കാര്‍ക്ക് ടോക്കണ്‍ നല്‍കുന്നതും ക്രമമനുസരിച്ച് മണ്ഡപത്തിലേക്ക് വിടുന്നതും ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്തുനിന്നാണ്.
അവിടെ കുറേക്കൂടി സൗകര്യങ്ങള്‍ സജ്ജീകരിച്ചാല്‍ തിക്കുതിരക്കുകളില്ലാതെ വധൂവരന്മാര്‍ക്കും കൂടെയുള്ളവര്‍ക്കും മണ്ഡപത്തിലേക്ക് പോകാനാകും. താലികെട്ട് കഴിഞ്ഞ് തെക്കേനടയില്‍ കൂവളമരത്തിന് സമീപം വധൂവരന്മാരുടെ ഫോട്ടോ ഷൂട്ടാണ് തിരക്കിന്റെ മറ്റൊരു ഇടം.
