സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനുനേരെ അതിക്രമം; കോടതിമുറിക്കുളളില്‍ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കുനേരെ കോടതി മുറിക്കുളളില്‍ അതിക്രമം. ജസ്റ്റിസിനുനേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമം നടത്തിയെന്നാണ് സുപ്രീംകോടതി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ന് രാവിലെ കേസുകള്‍ പരാമർശിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. കോടതിമുറിക്കുളളിലേക്ക് അഭിഭാഷകൻ എത്തുകയും സനാതന ധർമ്മത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയായിരുന്നു.

സുപ്രീംകോടതിയിലെ സുരക്ഷാ വിഭാഗം ജീവനക്കാർ അഭിഭാഷകനെ കോടതിമുറിയില്‍ നിന്ന് മാറ്റിയതോടെ സംഘർഷം അവസാനിച്ചു. ഇക്കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. ഖജുരാഹോയില്‍ ഏഴടി ഉയരമുളള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഗവായ് നടത്തിയ പരാമർശങ്ങളാണ് സംഭവത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. അന്ന് ഗവായ് നടത്തിയ ചില പരാമർശങ്ങള്‍ വലിയ പ്രതിഷേധത്തിനിടയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *