വേടനെതിരായ ബലാത്സംഗ കേസ് ; തുടര്‍ നടപടി കോടതി തീരുമാനത്തിന് ശേഷമെന്ന് പൊലീസ്

റാപ്പർ വേടനെതിരായ ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യ അപേക്ഷയിലെ കോടതി തീരുമാനത്തിന് ശേഷം മാത്രം നടപടിയെന്ന നിലപാടില്‍ പൊലീസ്.

വേടൻ ഒളിവിലാണെന്നും ഫോണ്‍ സ്വിച്ച്‌ ഓഫ് ആമെന്നും ആവർത്തിക്കുകയാണ് പൊലീസ്. വേടൻറെ മുൻകൂർ ജാമ്യ അപേക്ഷ അടുത്താഴ്ച കോടതി പരിഗണിക്കും. ഇതിന് ശേഷം മാത്രം മതി നടപടിയെന്നും, എടുത്ത് ചാടി നിലപാടെടുത്ത് പുലിവാല്‍ പിടിക്കേണ്ടെന്നാണ് പൊലീസിൻറെ തീരുമാനം. പരാതിക്കാരിയായ യുവതിയുടെ മൊഴിയില്‍ പറയുന്ന വേടന്റെ സുഹൃത്തുക്കളില്‍ നിന്ന് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

തങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ സുഹൃത്തുക്കള്‍ക്ക് അറിയാമെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലടക്കം എത്തിച്ചാണ് പീഡിപ്പിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തി ഈ സ്ഥലങ്ങളിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിൻറെ ഭാഗമായി വേടൻറെ മൊബൈല്‍ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം വേടൻ രാജ്യം വിടാതിരിക്കാൻ ആണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു. വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞയാഴ്ച കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വേടൻ പങ്കെടുക്കുന്ന ഓളം ലൈവ് എന്ന സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് വേടൻ എത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് കരുതിയിരുന്നത്. എന്നാല്‍ പരിപാടിക്ക് രണ്ട് ദിവസം മുമ്ബ് സംഘാടകർ വേടൻറെ പ്രോഗ്രാം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. തുടർന്ന് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. ഇതോടെയാണ് രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് വേടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. അതേസമയം വേടൻറെ മുൻകൂർ ജാമ്യാപേക്ഷയില്‍ പൊലീസിനോട് റിപ്പോർട്ട് തേടിയ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *