തൃശൂരിലും തിരുവനന്തപുരത്തും വോട്ട് ; സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി വി.എസ് സുനില്‍കുമാര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഗുരുതരമായ ആരോപണവുമായി സി.പി.ഐ നേതാവ് വി.എസ്.സുനില്‍കുമാർ. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടിടത്ത് വോട്ട് ചെയ്ത സുരേഷ് ഗോപിയും ഇതെങ്ങനെ സംഭവിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷനും മറുപടി പറയണമെന്ന് സുനില്‍കുമാർ ആവശ്യപ്പെട്ടു.

നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കണമെന്നും സുനില്‍കുമാർ പറഞ്ഞു.

‘സുരേഷ് ഗോപി തൃശൂരിലേക്ക് വന്നപ്പോള്‍ കുറേ വോട്ടർമാരേയും കൊണ്ടാണ് വന്നത്. തെരഞ്ഞെടുപ്പ് ജനപ്രാതിനിത്യ നിയമത്തിന്റെ റൂള്‍ അനുസരിച്ച്‌ ഓർഡിനറി റെസിഡൻസിനെ സംബന്ധിച്ച്‌ സുപ്രീംകോടതി വ്യക്തമായ ഉത്തരവിറക്കിയിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പറന്നുനടക്കുന്നവരെ ഓർഡിനറി റെസിഡൻസില്‍ ഉള്‍പ്പെടുത്താനാവില്ല. സ്ഥിരമായി താമസിക്കണമെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തത വരുത്തിയതാണ്. രാജ്യത്തെ നിയമപ്രകാരം അസംബ്ലിയില്‍ ഒരു വ്യക്തിക്ക് മത്സരിക്കണമെങ്കില്‍ കേരളത്തില്‍ എവിടെ വോട്ടറായ ആള്‍ക്കും മത്സരിക്കാം.

പഞ്ചായത്തില്‍ വോട്ടറായ വ്യക്തി ആ പഞ്ചായത്തിലെ ഏത് വാർഡിലും മത്സരിക്കാം. പാർലമെന്റിലാണെങ്കില്‍ ഇന്ത്യയിലെ എവിടെ വോട്ടറായ വ്യക്തിക്കും മത്സരിക്കാൻ കഴിയും. എന്നാല്‍, സ്ഥാനാർഥി വോട്ട് ചെയ്യേണ്ടത് സ്വന്തം മണ്ഡലത്തിലായിരിക്കണം. തൃശൂരില്‍ നിന്ന് സുരേഷ് ഗോപി താമസം മാറിയിട്ടുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് തൃശൂരിലെ വോട്ടുകള്‍ വെട്ടണമായിരുന്നു. ഇദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണ്. യാതൊരു മറയുമില്ലാതെയാണ് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ മറുപടി പറയട്ടേ’-സുനില്‍ കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *