നിശ്ചിതകാല ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കണമെന്ന് സുപ്രീം കോടതി.
2002 ലെ നിതീഷ് കട്ടാര കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖ്ദേവ് പെഹല്‍വാന്റെ 20 വര്‍ഷത്തെ തടവ് കാലാവധി കഴിഞ്ഞതിനാല്‍ അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്ന് വിധിച്ച് കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്.
പെഹല്‍വാന്‍ പോലുള്ള നിശ്ചിതകാല ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കണം എന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അതേസമയം ആജീവനാന്തം ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ട കുറ്റവാളികളുടെ കേസുകളില്‍ ഇളവ് ഉത്തരവ് ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും ജയിലില്‍ കഴിയുന്ന മറ്റുള്ളവരെക്കുറിച്ചും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ശിക്ഷ അനുഭവിച്ച എല്ലാവരെയും ഉടന്‍ മോചിപ്പിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ‘ഈ മനോഭാവം തുടര്‍ന്നാല്‍, എല്ലാ കുറ്റവാളികളും ജയിലില്‍ മരിക്കും…’ പെഹല്‍വാനെ ജയിലില്‍ തന്നെ നിലനിര്‍ത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ജൂലൈ 29-ന് സുഖ്ദേവ് പെഹല്‍വാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ശിക്ഷാ അവലോകന ബോര്‍ഡ് പിന്നീട് അദ്ദേഹത്തിന്റെ പെരുമാറ്റം ചൂണ്ടിക്കാട്ടി ആ മോചനം തടഞ്ഞു. മാര്‍ച്ചില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ പെഹല്‍വാന്‍, പിന്നീട് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. കേസ് തീര്‍പ്പാക്കുന്നത് വരെ അദ്ദേഹത്തിന് മൂന്ന് മാസത്തെ താല്‍ക്കാലിക മോചനം അനുവദിച്ചിരുന്നു. വിധിന്യായത്തില്‍ കോടതി, വിധി പുനഃപരിശോധനാ ബോര്‍ഡിനെ വിമര്‍ശിച്ചു.
ബോര്‍ഡിന്റേത് എന്തൊരു പെരുമാറ്റമാണ് എന്നും സുപ്രീം കോടതി ചോദിച്ചു. നേരത്തെ, ഡല്‍ഹി സര്‍ക്കാര്‍ പെഹല്‍വാന്റെ മോചനത്തെ എതിര്‍ത്തിരുന്നു. ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പതക് ദവേ, പെഹല്‍വാനെ 20 വര്‍ഷത്തിനുശേഷം സ്വയമേവ മോചിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു വാദിച്ചത്. ജീവപര്യന്തം എന്നാല്‍ അദ്ദേഹത്തിന്റെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം ജയിലില്‍ ചെലവഴിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് അവര്‍ ന്യായീകരിച്ചു.
എന്നാല്‍ പെഹല്‍വാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് മൃദുല്‍, ശിക്ഷാ ഉത്തരവ് പ്രകാരം ജയില്‍ ശിക്ഷ മാര്‍ച്ച് 9 ന് അവസാനിച്ചതായും അദ്ദേഹത്തെ മോചിപ്പിക്കാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും ചൂണ്ടിക്കാട്ടി.