ഭരണഘടന പദവിയിലിരിക്കുമ്ബോള്‍ അതിനനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ തയാറാകണമെന്ന് നിയമ മന്ത്രി പി.
രാജീവ്. രാജ്ഭവൻ ഭരണഘടന പദവിയുള്ള സംവിധാനത്തിന്റെ ഭാഗമാണ്. അവിടെ നടക്കുന്ന ചടങ്ങുകളില്‍ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും അടയാളങ്ങളുമാണ് ഉപയോഗിക്കേണ്ടതെന്ന് മന്ത്രി രാജീവ് പറഞ്ഞു.
ഗവർണർക്ക് അദ്ദേഹത്തിന്റേതായ രാഷ്ട്രീയ, പ്രത്യയശാസ്ത്ര നിലപാടുകള്‍ ഉണ്ടാകാം. അത് സ്വകാര്യമായി സൂക്ഷിക്കാനുള്ള പൂർണമായ അവകാശവുമുണ്ട്. എന്നാല്‍, പൊതുപരിപാടിയും രാജ്ഭവനും അതിന്റെ പ്രചാരവേദിയായി ഉപയോഗിക്കുന്നത് ഭരണഘടനപരമായി തെറ്റാണ്.
ആർ.എസ്.എസ് നിലപാടുകളല്ല രാജ്യം അംഗീകരിച്ചിട്ടുള്ളത്. ഭരണഘടന ചർച്ച ചെയ്ത് പതാക അംഗീകരിക്കുന്ന ഘട്ടത്തില്‍ ത്രിവർണ പതാക അശുഭകരമാണെന്നായിരുന്നു ആർ.എസ്.എസ് നിലപാട്. ഗവർണർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി രാജീവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
രാജ്ഭവനില്‍ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രം വെച്ചതിനെതിരെ മന്ത്രി വി. ശിവൻകുട്ടി വിമർശനം ഉയർത്തിയത്. എന്നാല്‍, കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റാൻ ഗവർണർ തയാറായില്ല. ഇതേതുടർന്ന് സർക്കാർ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചു.
ഗവർണറുടെ നടപടി അഹങ്കാരവും ധിക്കാരവുമാണെന്നും ശിവൻകുട്ടി പറഞ്ഞു. രാജ്ഭവൻ രാഷ്ട്രീയ പാർട്ടികളുടെ കുടുംബസ്വത്തല്ല. രാജ്ഭവനെ രാഷ്ട്രീയ പാർട്ടിയുടെ കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. താൻ ചെല്ലുമ്ബോള് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാർച്ചന നടത്തുന്നതാണ് കണ്ടത്. എന്നാല്‍, കാര്യപരിപാടിയില്‍ പുഷ്പാർച്ചന ഇല്ലായിരുന്നുവെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. സർക്കാർ പരിപാടിയായിരുന്നിട്ടും മന്ത്രി എത്തുന്നതിന് മുമ്ബേ തുടങ്ങിയതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നേരത്തെ, രാജ്ഭവനില്‍ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷി മന്ത്രി പി. പ്രസാദ് ബഹിഷ്കരിച്ചിരുന്നു. അന്ന് രാജ്ഭവനിലെ വേദിയില്‍ ആർ.എസ്.എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്. സർക്കാറിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍ വെച്ച് ഗവർണർ രാജേന്ദ്ര ആർലേക്കറും കൃഷി മന്ത്രി സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഭാരതാംബയുടെ ചിത്രത്തില്‍ മന്ത്രി പ്രതിഷേധം അറിയിച്ചപ്പോള്‍, രാജ്ഭവന്റെ സെൻട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം നേരത്തേ വെച്ചതാണെന്നും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മുമ്ബും പല പരിപാടികള്‍ നടന്നിട്ടുണ്ടെന്നും മാറ്റാൻ സാധിക്കില്ലെന്നുമായിരുന്നു ഗവർണറുടെ മറുപടി. തുടർന്നാണ് കൃഷിമന്ത്രി പരിപാടി ബഹിഷ്കരിച്ചത്. സംഭവം വിവാദമായതോടെ കൃഷി വകുപ്പിന്റെ പരിസ്ഥിതി ദിനാഘോഷം ദർബാർ ഹാളിലേക്ക് മാറ്റുകയും ചെയ്തു. രാജ്ഭവനില്‍ തൈനട്ട് ഗവർണറും പരിസ്ഥിതി ദിനം ആചരിച്ചു.