വി ശിവന്‍കുട്ടി രാജ്ഭവനെ അവഹേളിച്ചു: പ്രോട്ടോക്കോള്‍ ലംഘനമെന്നും വി മുരളീധരന്‍

ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച്‌ രാജ്ഭവനിലെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടിക്കെതിരെ വി മുരളീധരന്‍.

രാജ്ഭവനെ അവഹേളിക്കുന്ന സമീപനമാണ് മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്നുണ്ടായതെന്ന് വി മുരളീധരൻ ആരോപിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പരിപാടി ബഹിഷ്കരിച്ചത്.

എന്നാല്‍ മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും പ്രോട്ടോക്കോള്‍ തെറ്റിച്ച മന്ത്രി അതിന് വിശദീകരണം നല്‍കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെടുന്നു. നിലമ്ബൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ ദേശീയഗാനത്തെയടക്കം അപമാനിച്ച ശിവന്‍കുട്ടിയുടെ ലക്ഷ്യം വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തെ സങ്കല്‍പ്പമാണ് ഭാരതാംബ. ഹമാസിന്‍റെ കൂടി അടയാളമായ കഫിയ അണിഞ്ഞ് പ്രകടനം നടത്തുന്നവർക്ക് ഭാരതാംബയുടെ ചിത്രത്തോടുള്ള അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ ജനകീയ വിഷയങ്ങള്‍ ചർച്ചയാകാതിരിക്കാനാണ് ആർ എസ് എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നത്. മണ്ഡലത്തില്‍ ചെയ്തിട്ടുള്ള വികസനത്തെക്കുറിച്ച്‌ ഇന്ത്യ സഖ്യക്കാർക്ക് വോട്ടർമാരോട് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആർ എസ് എസിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്.

ആർ എസ് എസ് എന്തെന്ന് ജനങ്ങള്‍ക്ക് അറിയാം.

സി പി എമ്മുമായി ഒരു ബാന്ധവും ആർ എസ് എസിന് ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യസംരക്ഷണത്തിന് ആർ എസ് എസ് നിരവധി പ്രവർത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് സി പി എമ്മുമായുള്ള സഹകരണമല്ല. വാടിക്കല്‍ രാമകൃഷ്ണൻ മുതല്‍ രണ്‍ജിത്ത് ശ്രീനിവാസൻ വരെയുള്ള സംഘപ്രവർത്തകരുടെ ചോരക്കറ പേറുന്നവരാണ് സി പി എമ്മുകാരെന്നും വി മുരളീധരൻ പറഞ്ഞു.

രാജ്ഭവനില്‍ കുട്ടികളുടെ കണ്‍മുമ്ബില്‍ വെച്ച്‌ ഭാരതാംബയെ അവഹേളിച്ച വിദ്യാഭ്യാസമന്ത്രി അവരുടെ ഇളം മനസിലേക്ക് പകർന്നുകൊടുത്തത് അസഹിഷ്ണുതയും വിദ്വേഷവും മാത്രമാണെന്ന് മുന്‍ ഗവർണർ കൂടിയായ കുമ്മനം രാജശേഖരനും വിമർശിച്ചു.ഭാരത് മാതാ കീ ജയ് വിളിക്കുന്നവരാണ് സ്കൗട്ട് കേഡറ്റുകള്‍. അവരെ ദേശാഭിമാന പ്രചോദിതരാക്കി ഭാവിയുടെ വാഗ്ദാന ങ്ങളും നാടിന്റെ കാവലാള്‍മാരുമാക്കി മാറ്റി എടുക്കാൻ പ്രേരിപ്പിക്കേണ്ട വിദ്യാഭ്യാസമന്ത്രി പ്രതിഷേധിച്ച്‌ വേദി വിട്ട് ഇറങ്ങി പോകുന്ന കാഴ്ച കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഭാരതാംബയെ വണങ്ങാം, വണങ്ങാതിരിക്കാം. അതിനുള്ള സ്വാതന്ത്ര്യം മന്ത്രിക്കുണ്ട്. നിലവിളക്ക് കൊളുത്തുമ്ബോള്‍ വിട്ടുമാറിനില്‍ക്കുന്ന മുസ്ളിം ലീഗ് നേതാക്കളുണ്ട്. പക്ഷേ അവർ ബഹിഷ്ക്കരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാറില്ല. അവമതിക്കാറുമില്ല- ഭാരതാംബയെ പൂജിക്കണമെന്നോ പുഷ്പാർച്ചന നടത്തണമെന്നോ ഗവർണർ

വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. സ്കൂളുകളില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രി അവിടുത്തെ സംവിധാനങ്ങളോട് പൊരുത്തപ്പെട്ടാണ് സംസാരിക്കാറ്.

രാജ്ഭവന്റെ വേദിയെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മന്ത്രി ദുർവിനിയോഗം ചെയ്തു. നിലമ്ബൂർ ഇലക്ഷൻ നടക്കുന്ന ദിവസം എഴുതി തയ്യാറാക്കി വന്ന് പ്രസംഗിച്ചത് അതിന്റെ പേരില്‍ പത്ത് വോട്ടു കിട്ടുമെന്ന പ്രതീക്ഷയിലാണ്. സർക്കാർ പരിപാടിയില്‍ അവസാനം ദേശീയ ഗാനം ചൊല്ലാൻ പോലും നില്‍ക്കാതെ കുട്ടികളുടെ മുമ്ബില്‍ നിന്നും ധിക്കാരപൂർവ്വം ഇറങ്ങിപ്പോയത് പൊറുക്കാനാവാത്ത അപരാധമാണ്. ദേശീയ ഗാനവും ഭാരതാംബയും ഏതൊരു ദേശസ്നേഹിയുടെയും ഹൃദയത്തില്‍ ജ്വലിക്കുന്ന മാനബിന്ദുക്കളാണ്. അവയെ അവഹേളിക്കുന്നതും നിന്ദിക്കുന്നതും മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *