ബില്‍ പിൻവലിക്കാൻ രാജ്യവ്യാപക സഖ്യം കെട്ടിപ്പടുക്കും: രാഹുല്‍ ഗാന്ധി

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരം കേന്ദ്രം കൊണ്ടുവന്ന വികസിത് ഭാരത്-ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീണ ബില്ലിനെ (വിബി-ജി റാം ജി ബില്‍) രൂക്ഷമായി വിമർശിച്ച്‌ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.

ബില്ല് തൊഴിലുറപ്പ് നിയമത്തിന്റെ നവീകരിച്ച പതിപ്പല്ലെന്നും അതിന്റെ രൂപകല്പന സംസ്ഥാന, ഗ്രാമീണ വിരുദ്ധമാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. അവകാശാധിഷ്ഠിത, ആവശ്യാധിഷ്ഠിത തൊഴിലുറപ്പിനെ ഡല്‍ഹിയില്‍നിന്നു നിയന്ത്രിക്കുന്ന ഒരു റേഷൻ പദ്ധതിയാക്കി വിബി-ജി റാം ജി മാറ്റുന്നുവെന്നും നിയമം പിൻവലിക്കുമെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപക സഖ്യം കെട്ടിപ്പടുക്കുമെന്നും രാഹുല്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ 20 വർഷത്തെ ചരിത്രത്തെ മോദിസർക്കാർ ഒറ്റ ദിവസംകൊണ്ടു തകർത്തെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി എന്താണെന്ന് കോവിഡ് കാലത്തു കണ്ടതാണെന്നും സാന്പത്തികരംഗം അടച്ചുപൂട്ടലിലെത്തി ഉപജീവനമാർഗങ്ങള്‍ തകർന്നപ്പോള്‍ കൊടിക്കണക്കിനു ജീവിതങ്ങളെ വിശപ്പിലേക്കും കടക്കെണിയിലേക്കും തള്ളിവിടാതെ സംരക്ഷിച്ചത് തൊഴിലുറപ്പ് പദ്ധതിയാണെന്നും രാഹുല്‍ പറഞ്ഞു.

പദ്ധതി ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് പാർശ്വവത്കരിക്കപ്പെട്ടവർക്കാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

“ഒരു തൊഴില്‍ പദ്ധതിയെ റേഷൻ പദ്ധതിയാക്കി മാറ്റുന്പോള്‍ സ്ത്രീകളും ദളിതരും ആദിവാസികളും ഭൂമിയില്ലാത്ത തൊഴിലാളികളും പാവപ്പെട്ട പിന്നാക്കവിഭാഗക്കാരുമാണ് പുറന്തള്ളപ്പെടുന്നവരിലാദ്യം. ഇതിനെല്ലാം പുറമെ കൃത്യമായ സൂക്ഷ്മ പരിശോധന ഇല്ലാതെ നിയമം പാർലമെന്റില്‍ ബുള്‍ഡോസ് ചെയ്യപ്പെട്ടു. ബില്‍ സ്റ്റാൻഡിംഗ് സമിതിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു”-രാഹുല്‍ ചൂണ്ടിക്കാട്ടി.

ഗ്രാമത്തിലെ ദരിദ്രരുടെ അവസാന പ്രതിരോധനിരയെ തങ്ങള്‍ തകർക്കാൻ അനുവദിക്കില്ലെന്നും തൊഴിലാളികളോടൊപ്പവും പഞ്ചായത്തുകളോടൊപ്പവും സംസ്ഥാനങ്ങളോടൊപ്പവും നിലകൊണ്ട് ഈ നീക്കത്തെ തകർക്കാൻ ശ്രമിക്കുമെന്നും രാഹുല്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *