ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍.
സെമിയില്‍ ന്യൂസിലൻഡിനെ തോല്പിച്ച ഇന്ത്യ ഇതിനകം ഫൈനലിലെത്തിയിട്ടുണ്ട്. രണ്ടാം സെമിയിലെ ആസ്ട്രേലിയ -ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളെയാണ് ആതിഥേയര്‍ ഫൈനലില്‍ നേരിടുക. ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനെയും മികച്ച പ്രകടനം നടത്തിയ സൂപ്പര്‍ബാറ്റര്‍ വിരാട് കോഹ്ലി, പേസര്‍ മുഹമ്മദ് ഷമി എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.
നേരത്തെ, ഇതേ സ്റ്റേഡിയത്തില്‍ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാൻ മോദി എത്തിയിരുന്നു. അന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും ഒപ്പമുണ്ടായിരുന്നു. ലീഗ് റൗണ്ടിലെ ഒമ്ബത് മത്സരങ്ങളും സെമിയും ജയിച്ച ഇന്ത്യ ഇത്തവണ കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ മൂന്നു തവണയും ആതിഥേയ രാജ്യമാണ് കിരീടം ചൂടിയത്.
2011ല്‍ ഇന്ത്യയും 2015ല്‍ ആസ്ട്രേലിയയും 2019ല്‍ ഇംഗ്ലണ്ടും. മുൻ താരങ്ങള്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ വലിയൊരു താരനിര തന്നെ ഫൈനല്‍ കാണാൻ ഗാലറിയിലുണ്ടാകും.