ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ലയണല്‍ മെസ്സിക്കും സംഘത്തിനും ആദ്യ തോല്‍വി. യുറുഗ്വായ് എതിരില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജന്‍റീനയെ തകര്‍ത്തത്.
തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കു പിന്നാലെയാണ് ലോക ചാമ്ബ്യന്മാര്‍ തോല്‍വി വഴങ്ങുന്നത്. റൊണാള്‍ഡ് അരൗജോ (41ാം മിനിറ്റ്), ഡാര്‍വിൻ ന്യൂനസ് (87ാം മിനിറ്റില്‍) എന്നിവരാണ് യുറുഗ്വായിക്കായി വലകുലുക്കിയത്. തോറ്റെങ്കിലും 12 പോയന്‍റുമായി അര്‍ജന്‍റീന തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്.
കഴിഞ്ഞ മത്സരത്തില്‍ പെറുവിനെ രണ്ടു ഗോളിന് തകര്‍ത്ത ടീമില്‍നിന്ന് ഒരു മാറ്റവുമായാണ് അര്‍ജന്‍റീന കളത്തിലിറങ്ങിയത്. ഗോണ്‍സാലോ മോണ്ടിയേലിനു പകരം റൈറ്റ് ബാക്കില്‍ നഹുവല്‍ മൊളീന എത്തി. ആദ്യ അരമണിക്കൂറില്‍ പന്ത് കൈവശം വെക്കുന്നതിലും ഷോട്ട് തൊടുക്കുന്നതിലും അര്‍ജന്‍റീനക്കായിരുന്നു മുൻതൂക്കം. യുറുഗ്വായിയുടെ ന്യൂനസിനും ഡി ലാ ക്രൂസിനും സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. എന്നാല്‍, 41ാം മിനിറ്റില്‍ സ്വന്തം ആരാധകരെ ഞെട്ടിച്ച് സന്ദര്‍ശകര്‍ മത്സരത്തില്‍ ലീഡെടുത്തു.
മൊളീനോയെ മറികടന്ന് ബോക്സിനുള്ളിലേക്ക് കടന്നുകയറി മാറ്റിയസ് വിന നല്‍കിയ ക്രോസ് മനോഹരമായി അരൗജോ വലയിലാക്കി. അവസാന ഒമ്ബത് മത്സരത്തില്‍ ആദ്യമായാണ് അര്‍ജന്‍റീന ഒരു ഗോള്‍ വഴങ്ങുന്നത്. ലോകകപ്പ് ഫൈനലില്‍ ഫ്രാൻസിനോടാണ് അവസാനമായി ഗോള്‍ വഴങ്ങിയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ, സമനില ഗോളിനായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും യുറുഗ്വായ് പ്രതിരോധത്തില്‍ തട്ടി വിഫലമായി.
രണ്ടാം പകുതിയില്‍ മാക് അലിസ്റ്റര്‍ക്ക് പകരം ലൗട്ടാരോ മാര്‍ട്ടിനെസിനെ കളത്തിലിറക്കി. 51ാം മിനിറ്റില്‍ 25 വാര അകലെ നിന്നുള്ള മെസ്സിയുടെ കിടിലൻ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. ആക്രമണം കടുപ്പിക്കാൻ ഗോണ്‍സാലസിനു പകതം എയ്ഞ്ചല്‍ ഡി മരിയയും കളത്തിലെത്തി. 82ാം മിനിറ്റില്‍ ഡി മരിയയുടെ കോര്‍ണര്‍ മാര്‍ട്ടിനെസ് മനോഹരമായി ഹെഡ് ചെയ്തെങ്കിലും യുറുഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റോഷെറ്റ് കൈയിലൊതുക്കി.
87ാം മിനിറ്റില്‍ യുറുഗ്വായ് ലീഡ് ഉയര്‍ത്തി. മെസ്സിയില്‍നിന്ന് പന്ത് തട്ടിയെടുത്ത യുറുഗ്വായ് താരം റോഡ്രിഗോ ബെന്‍റാകുര്‍ പന്ത് ക്രൂസിനു കൈമാറി. പിന്നാലെ പന്തുമായി മുന്നേറിയ താരം സ്വന്തം പകുതിയില്‍നിന്ന് മനോഹരമായി ന്യൂനസിന് ഒരു ലോങ് ബാള്‍ കൈമാറി. ഒഡമെൻഡിയെയും റെമോറൊറെയും മറികടന്ന് ഓടിയെത്തിയ ന്യൂനസ് പന്തുമായി മുന്നിലേക്ക് കുതിക്കുകയും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ കബളിപ്പിച്ച് പന്ത് വലയിലാക്കുകയും ചെയ്തു.
അവസാന മിനിറ്റുകളില്‍ ആശ്വാസ ഗോളിനായി അര്‍ജന്‍റീന കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തില്‍ 63 ശതമാനം പന്ത് കൈവശം വെച്ചിട്ടും 12 തവണ ഷോട്ട് തൊടുത്തിട്ടും അര്‍ജന്‍റീനക്ക് ഗോള്‍ മാത്രം നേടാനായില്ല.
2016 ഒക്ടോബര്‍ 16ന് പരഗ്വായിയോടാണ് അവസാനമായി അര്‍ജന്‍റീന നാട്ടില്‍ ലോകകപ്പ് യോഗ്യത മത്സരം തോറ്റത്. മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ കഴിഞ്ഞ മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്.
നിലവില്‍ അഞ്ചു മത്സരങ്ങളില്‍നിന്ന് നാലു ജയവും ഒരു തോല്‍വിയുമായി 12 പോയന്‍റാണ് അര്‍ജന്‍റീനക്ക്. ജയത്തോടെ യുറുഗ്വായ് രണ്ടാം സ്ഥാനത്തേക്ക് കയറി. അഞ്ചു മത്സരങ്ങളില്‍നിന്ന് 10 പോയന്‍റ്.