വയനാട് ദുരന്തം: തിരച്ചില്‍ നിര്‍ത്തരുത്; ദുരന്തബാധിതര്‍ക്കായി ബൃഹദ് പുനരധിവാസ പദ്ധതി-മുഖ്യമന്ത്രി

വയനാട്ടില്‍ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരന്ത ബാധിതര്‍ക്കായി ബൃഹദ് പുനരധിവാസ പദ്ധതിയാണ് തയ്യാറാക്കുക. ദുരന്തബാധിത സ്ഥലത്തിന് പുറത്താകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. അതേ സമയം ഇത് എവിടെയാകുമെന്ന് തീരുമാനിച്ചിട്ടില്ല.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അടിയന്തര പ്രാധാന്യത്തില്‍ പുനരധിവാസ പാക്കേജ് തീരുമാനിക്കും.പാക്കേജില്‍ ഏറ്റവും മുന്തിയ പരിഗണന ഇരകള്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതിനാണ്. മറ്റുള്ള സംഘടനകളുടെയോ വ്യക്തികളുടെ സഹായം സ്വീകരിക്കുമെങ്കിലും പൂര്‍ണമായും സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സഹായം ലഭ്യമാകാന്‍ സാധ്യതയുള്ള എല്ലായിടങ്ങളില്‍ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വീണ്ടും സംസ്ഥാനം ആവശ്യപ്പെടും. എല്‍ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക.ദുരന്ത ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനിച്ചു. താല്‍ക്കാലിക പഠന കേന്ദ്രം ഒരുക്കുകയോ, സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റുകയോ ചെയ്യാനാണ് തീരുമാനം.

ദുരന്തപ്രദേശത്തെ തിരച്ചില്‍ നിര്‍ത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സൈന്യം പറയുന്നത് വരെ തിരച്ചില്‍ തുടരാനാണ് മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *