ഹേമാ കമ്മിറ്റി കോണ്‍ക്ലേവ് തടയും; സര്‍ക്കാറിനോട് അഞ്ച് ചോദ്യങ്ങളുമായി വി ഡി സതീശന്‍

സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവ് എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കോണ്‍ക്ലേവ് നടത്താന്‍ യു ഡി എഫ് അനുവദിക്കില്ല.

സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. സിനിമ മേഖലയിലുള്ള എല്ലാവരേയം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ്. സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കണം. കുറ്റക്കാരെ സര്‍ക്കാര്‍ ഒളിപ്പിക്കുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ല. റിപ്പോര്‍ട്ടിലെ പേജുകള്‍ ആരെ രക്ഷിക്കാനാണ് വെട്ടിമാറ്റിയതെന്ന് വ്യക്തമാക്കണം. ആരോപണ വിധേയരെ ഇരകള്‍ക്കൊപ്പം ഇരുത്തി എന്തിന് കോണ്‍ക്ലേവ് നടത്തുന്നു എന്നതാണ് ചോദ്യം.

ബി ജെ പി കേന്ദ്ര മന്ത്രി സി പി എം നേതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളും സതീശന്‍ ഉന്നയിച്ചു.
1. കുറ്റകൃത്യങ്ങളുടെ പരമ്ബര നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്?

2. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176 (1) വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199 (സി) വകുപ്പും പോക്സോ ആക്ടിലെ 21 വകുപ്പും അനുസരിച്ച്‌ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചു വയ്ക്കുന്നത് കുറ്റകരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?

3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ പേജുകളും ഖണ്ഡികകളും സര്‍ക്കാര്‍ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്?

4. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കൊടും ക്രൂരതകള്‍ക്കൊപ്പം മയക്കുമരുന്നിന്റേയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും അനിയത്രിത ഉപയോഗവും അതുണ്ടാക്കുന്ന ഭീകരാവസ്ഥയെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു?

5. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്?
ഈ അഞ്ചു ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരവും തീരുമാനവും ഉണ്ടായാല്‍ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകും. തൊഴിലിടമെന്ന നിലയില്‍ എല്ലാവരെയും സംരക്ഷിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *