വയനാടിനൊപ്പം എയര്‍ടെലും; സൗജന്യമായി അണ്‍ലിമിറ്റഡ് ടോക്‌ടൈമും ഡാറ്റയും നല്‍കും

വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിലെ അതിജീവിതര്‍ക്ക് സഹായ ഹസ്തവുമായി എയര്‍ടെലും. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കൂടാതെ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ബില്‍പേയ്മെന്റ് തീയതി 30 ദിവസത്തേക്ക് നീട്ടി. ഭാരതി എയര്‍ടലിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഈ കാര്യം പങ്കുവെച്ചത്.

കാലാവധി കഴിഞ്ഞതോ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്തതുമായ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ഒരു ജിബി സൗജന്യ മൊബൈല്‍ ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും നല്‍കും. ഇത് 3 ദിവസത്തേക്ക് മാത്രമുളളതായിരിക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ പേയ്മെന്റ് തീയതി 30 ദിവസത്തേക്ക് നീട്ടിയിരിക്കുന്നതായും എയര്‍ടെല്‍ അറിയിച്ചു. കേരളത്തിലെ 52 എയര്‍ടെല്‍ റീട്ടെയില്‍ സ്റ്റോറുകളും ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റും. ആളുകള്‍ എത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ വയനാട്ടിലെ പ്രാദേശിക ഭരണകൂടത്തിന് കൈമാറുമെന്നും കമ്ബനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *