ശനിയാഴ്ചയില്ല, മോദിയുടെ സത്യപ്രതിജ്ഞ ഒന്‍പതിന്?; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ശനിയാഴ്ച നടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഒന്‍പതാം തീയതി വൈകീട്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സത്യപ്രതിജ്ഞാ ചടങ്ങ് വന്‍ ആഘോഷമാക്കാനാണ് തീരുമാനം.

ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയില്‍വേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകള്‍ ബിജെപി തന്നെയാകും കൈകാര്യം ചെയ്യുക. ടിഡിപി, ജെഡിയു, എല്‍ജെപി എന്നിവര്‍ക്ക് പധാന വകുപ്പുകള്‍ വിട്ടുനല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഈ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനങ്ങളിലേക്ക് സഖ്യകക്ഷികളെ പരിഗണിക്കും. ലോക്സഭ സ്പീക്കര്‍, അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍, രണ്ടു സഹമന്ത്രിമാര്‍ വേണമെന്നാണ് ടിഡിപിയുടെ ആവശ്യം.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യവും ടിഡിപി മുന്നോട്ടുവച്ചിട്ടുണ്ട്. റോഡ് ഗതാഗതം, ഗ്രാമീണ വികസനം, ആരോഗ്യം, പാര്‍പ്പിട- നഗരവികസനം, കൃഷി, ജല്‍ശക്തി, ഐടി, വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളിലെ ക്യാബിനറ്റ് പദവിയാണ് ടിഡിപി ആവശ്യപ്പെട്ടിട്ടുള്ളത്. ധനകാര്യവകുപ്പ് സഹമന്ത്രിസ്ഥാനം വേണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. കൂറുമാറ്റനിയമം ശക്തമായ സാഹചര്യത്തിലാണ് ടിഡിപി സ്പീക്കര്‍ പദവിക്കായി രംഗത്തുള്ളത്.

മൂന്ന് ക്യാബിനറ്റ് പദവികളാണ് ജെഡിയു ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയില്‍വേ, ഗ്രാമവികസനം, ജല്‍ശക്തി വകുപ്പുകളാണ് നിതീഷ് കുമാര്‍ താല്‍പ്പര്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഗതാഗതമോ കൃഷിയോ ലഭിച്ചാല്‍ ജെഡിയു തൃപ്തരായേക്കുമെന്നും സൂചനയുണ്ട്. സ്പീക്കര്‍ സ്ഥാനവും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിന് പ്രത്യേക സംസ്ഥാനമെന്ന പദവി വേണമെന്ന ആവശ്യവും നിതീഷ് ഉയര്‍ത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയിരുന്നു. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *