ആറു പന്തില്‍ ആറു വിക്കറ്റെടുത്ത് ഓസീസ് താരത്തിന്‍റെ ‘അദ്ഭുത പ്രകടനം’

ഹാട്രിക് നേടുകയെന്നത് ഏതൊരു ബൗളറുടെയും സ്വപ്നമാണ്. ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രം നടക്കുന്ന കാര്യം.

എന്നാല്‍, ഒരു ഓവറില്‍ ആറു വിക്കറ്റെടുക്കുക, അതായത് രണ്ട് ഹാട്രിക്, അതും എതിര്‍ ടീമിന് ജയിക്കാൻ അവസാന ഓവറില്‍ അഞ്ചു റണ്‍സ് മാത്രമുള്ളപ്പോള്‍.

ആസ്ട്രേലിയയിലെ പ്രാദേശിക ക്രിക്കറ്റ് ലീഗാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവത്തിന് വേദിയായത്. ഗോള്‍ഡ് കോസ്റ്റ് പ്രീമിയര്‍ ലീഗില്‍ മുദ്ഗീരബ നെരാങ്ങിന്‍റെ നായകൻ കൂടിയായ ഗാരെത് മോര്‍ഗനാണ് അത്ഭുത പ്രകടനവുമായി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. നേരത്തേ, 38 പന്തില്‍ 39 റണ്‍സുമായി ടീമിന്‍റെ ടോപ് സ്കോററായതും മോര്‍ഗൻ തന്നെ.

കഴിഞ്ഞദിസമാണ് മുദ്ഗീരബ നെരാങ്ങും സര്‍ഫേഴ്സ് പാരഡൈസും തമ്മില്‍ 40 ഓവര്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത്. ആദ്യം ബാറ്റു ചെയ്ത മുദ്ഗീരബ 178 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സര്‍ഫേഴ്സ് പാരഡൈസ് 39 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എന്ന നിലയിലായിരുന്നു. ആറു വിക്കറ്റ് കൈയിലിരിക്കെ, അവസാന ഓവറില്‍ ജയിക്കാൻ വെറും അഞ്ച് റണ്‍സ് മാത്രം.

നാലു റണ്‍സെടുത്താല്‍ മത്സരം സമനിലയിലും. പന്തെറിയാനെത്തിയത് മുദ്ഗീരബ നായകൻ കൂടിയായ ഗാരെത് മോര്‍ഗൻ. ആദ്യ പന്തില്‍ തന്നെ 60 പന്തില്‍ 65 റണ്‍സുമായി ക്രീസില്‍ നിലയുറിപ്പിച്ചിരുന്ന ഓപ്പണര്‍ ജെയ്ക് ഗാര്‍ലൻഡ് ക്യാച്ച്‌ നല്‍കി പുറത്ത്. പിന്നാലെ ക്രീസിലെത്തിയ അഞ്ചു താരങ്ങളും ഗോള്‍ഡൻ ഡക്ക്. കൊണോര്‍ മാത്തിസൻ, മൈക്കല്‍ കര്‍ട്ടിൻ, വെയ്ഡ് മക്ഡൂഗല്‍, റൈലി എക്കര്‍സ്‌ലേ, ബ്രോഡി ഫീലാൻ എന്നിവരാണ് അടുത്തടുത്ത പന്തുകളില്‍ പുറത്തായത്.

അവസാന രണ്ടു പേരെ മോര്‍ഗൻ ക്ലീൻ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ മത്സരത്തിന്‍റെ സ്കോര്‍ കാര്‍ഡും വൈറലായി. ഒരു ഓവറില്‍ അഞ്ചു വിക്കറ്റ് നേടിയതാണ് പ്രഫഷനല്‍ ക്രിക്കറ്റില്‍ ഇതുവരെയുള്ള മികച്ച പ്രകടനം. 2011ല്‍ ഒട്ടാഗോയുടെ (ന്യൂസിലൻഡ്) നീല്‍ വാഗ്‌നറും 2013ല്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇലവനായി അല്‍ അമീൻ ഹുസൈനും 2019ല്‍ കര്‍ണാടകക്കായി അഭിമന്യു മിഥുനുമാണ് ഒരു ഓവറില്‍ അഞ്ച് വിക്കറ്റ് നേടിയവര്‍.

Leave a Reply

Your email address will not be published. Required fields are marked *