കൊച്ചി ; ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാർ സ്വദേശി അസഫാക് ആലത്തിനെതിരായ വിധി എറണാകുളം പോക്സോ കോടതി വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. കൊല , ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ, പ്രകൃതിവിരുദ്ധ പീഡനം എന്നുതുടങ്ങി പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കും എന്നാണ് നിയമവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.
കുറ്റകൃത്യം നടന്നു നൂറാം ദിവസമാണ് കേസിൽ വിധി പറഞ്ഞത്. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചപ്പോൾ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നു പ്രോസിക്യൂഷൻ പറഞ്ഞു. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപ് മാനസിക നില പരിശോധിച്ചതിന്റെ രേഖ ഹാജരാക്കാൻ തുടർന്ന് പോക്സോകോടതി ജഡ്ജി കെ സോമൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈ 28 നാണു ബീഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ചു വയസ്സുള്ള കുഞ്ഞിനെ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്. പിറ്റേന്ന് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.കല്ല് കൊണ്ട് ഇടിച്ചു മുഖം വികൃതമാക്കിയ നിലയിലായിരുന്നു ജഡം. ലഹരിക്കടിമയായ ആലം കുട്ടിക്ക് ജ്യൂസ് വാങ്ങി കൊടുത്ത ശേഷമാണു ലൈംഗിക അതിക്രമം നടത്തിയത്. ഒക്ടോബർ 4 നാണു കേസിൽ വിചാരണ തുടങ്ങിയത്. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയായി. 41 സാക്ഷികളെ കേസിൽ വിസ്തരിച്ചു. കേസ് അന്വേഷിച്ച പോലീസ് മുപ്പതു ദിവസത്തിനിടയിൽ കുറ്റപത്രം സമർപ്പിച്ചത് കൊണ്ടാണ് വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്.
വിധി കേൾക്കാൻ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയിരുന്നില്ല. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് അവർ പറഞ്ഞു. യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി ആലം കോടതിയിൽ ശിക്ഷ കേൾക്കാൻ എത്തിയത്. തെല്ലും കുറ്റബോധം അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല.