മലയാളത്തില്‍ ഒരു സിനിമ പോലും നൂറു കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ഗ്രോസ് കളക്ഷനാണ് നൂറു കോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ന് സിനിമ ഹിറ്റായാല്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വര്‍ധിപ്പിക്കുന്നതെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു പടം ഹിറ്റായാല്‍ ഇന്ന് കോടികള്‍ കൂട്ടുകയാണ് ആളുകള്‍. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതില്‍ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കളക്ട് ചെയ്തിട്ടില്ല, കളക്ട് ചെയ്തുവെന്ന് അവര്‍ പറയുന്നത് ഗ്രോസ് കളക്ഷന്റെ കാര്യത്തിലാണ്.’- സുരേഷ് കുമാര്‍ പറഞ്ഞു.
സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പല അവസരങ്ങളിലും നിരൂപത്തിന്റെ പരിധി വിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും അതിലാണ് എതിര്‍പ്പുള്ളതെന്നുമാണ് അദ്ദേഹം പറയുന്നു. മുൻപു തിയേറ്ററില്‍ നിന്ന് മാത്രം കിട്ടിക്കൊണ്ടിരുന്ന വരുമാനത്തില്‍ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒടിടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി സിനിമ നിര്‍മിക്കാൻ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കില്‍ ആളുകള്‍ വീണ്ടും തീയറ്ററിലെത്തുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ് 100 കോടി ക്ലബ്ബില്‍ എത്തിയത്. ചിത്രത്തിന്റെ ആഗോള ബിസിനസ്സില്‍ നിന്ന് 100 കോടി നേടി എന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. ഇതിനു മുൻപായി ആര്‍ഡിഎക്സും ആഗോള ബിസിനസ്സിലൂടെ 100 കോടിയില്‍ എത്തിയിരുന്നു. ജൂഡ് ആന്തണിയുടെ 2018 200 കോടി നേടിയതായാണ് നിര്‍മാതാക്കളുടെ അവകാശവാദം. കൂടാതെ പുലിമുരുകൻ, ലൂസിഫര്‍ എന്നീ ചിത്രങ്ങളും 100 കോടിക്കു മേലെ നേടിയിട്ടുണ്ട്.