കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
മുൻപ് സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഈ പദവി വഹിച്ചിട്ടുള്ള കാര്യം അദ്ദേഹം അനുസ്മരിച്ചു.
എന്നാല്‍ പദവിയെച്ചൊല്ലി മുന്നണിയില്‍ ചർച്ചയ്ക്കോ വിവാദത്തിനോ പാർട്ടി ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗ് ഒരിക്കലും മതം പറഞ്ഞ് വോട്ട് തേടാറില്ല. അത് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്. എവിടെയെങ്കിലും അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗൗരവമായി അന്വേഷിക്കും.
പാർശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും വിശ്വസിക്കുന്നത് യുഡിഎഫിനെയാണ്. അവരുടെ സംരക്ഷണത്തിന് യുഡിഎഫ് വേണമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ലീഗ് നേതൃത്വം വളരെ കരുതലോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് മുനവ്വറലി തങ്ങളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
