തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ഇല്ലാതാക്കുന്ന സമീപനം ഉണ്ടാവാന്‍ പാടില്ല: കെ സി വേണുഗോപാല്‍

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ഇല്ലാതാക്കുന്ന സമീപനം ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

ആറന്മുളയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്കെതിരെ പോസ്റ്റര്‍ പതിച്ച നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ജനങ്ങള്‍ യു ഡി എഫിനെ വിജയിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അതിന്റെ സ്പിരിറ്റ് കളയുന്ന സമീപനം ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തിയാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഒരു സ്ഥാനാര്‍ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജയിക്കാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും കെ സി വേണുഗോപാല്‍ പ്രതീക്ഷ പങ്കുവെച്ചു. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക. എം പിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തീരുമാനം ആയിട്ടില്ല. പുതുയുഗ യാത്ര വലിയ ആവേശമായി മാറിയെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട’ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പത്തനംതിട്ട നഗരത്തില്‍ പോസ്റ്റര്‍ പ്രചരിച്ചത്. ഡി സിസി ഓഫീസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഞങ്ങള്‍ കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുതെന്നും കോണ്‍ഗ്രസിന് വെറും നാല് മണ്ഡലങ്ങള്‍ മാത്രമുള്ള പത്തനംതിട്ടയില്‍ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ക്ക് അവസരം നല്‍കണമെന്നുമാണ് ആവശ്യം. നാളിത് വരെയും സംഘടനപ്രവര്‍ത്തനം നടത്തി കേസിന് മുകളില്‍ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയില്‍ നിന്ന് പ്രാപ്തമായ കോണ്‍ഗ്രസുകാര്‍ക്ക് മുന്നില്‍ സംഘടന പ്രവര്‍ത്തനത്തിന്റെ പേരില്‍ പത്തനംതിട്ടയില്‍ നിന്നൊരു കേസ് പോലും അബിന്‍ വര്‍ക്കിക്കെതിരെ ഇല്ല. സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വെച്ച്‌ കൊടുക്കരുതെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.

ഞങ്ങള്‍ക്ക് അഞ്ച് എം എല്‍ എമാരെ നിയമസഭയില്‍ വിടണമെന്നും പക്ഷേ അത് തങ്ങളെ അറിയാവുന്ന തങ്ങളില്‍ നിന്ന് ഒരുത്തന്‍ എം എല്‍ എ ആകണമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ട്. ആറന്മുളയില്‍ അബിന്‍ വര്‍ക്കി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് മണ്ഡലത്തില്‍ പോസ്റ്ററുകള്‍.

Leave a Reply

Your email address will not be published. Required fields are marked *