കടുപ്പിച്ച്‌ അരവിന്ദ് കെജ്‌രിവാള്‍! ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് ജഡ്ജിക്ക് കത്ത് നല്‍കി

ല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളും ഹൈക്കോടതിയും തമ്മിലുള്ള നിയമപ്പോരാട്ടം പുതിയ തലത്തിലേക്ക്.

കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ നിഷ്പക്ഷതയില്‍ തനിക്ക് വിശ്വാസമില്ലെന്നും അതിനാല്‍ കോടതിയില്‍ ഹാജരാകില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര സർക്കാരുമായുള്ള പ്രൊഫഷണല്‍ ബന്ധവും ആർഎസ്‌എസ് അനുബന്ധ സംഘടനകളിലെ അവരുടെ സാന്നിധ്യവും ചൂണ്ടിക്കാട്ടി കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പിന്മാറണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഹർജി കോടതി തള്ളി.

നീതി നടപ്പിലാക്കുക എന്നത് മാത്രമല്ല, അത് നടപ്പിലാക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണമെന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു എന്നാണ് കെജ്‌രിവാളിന്റെ നിലപാട്. സ്വന്തം മനഃസാക്ഷിയുടെ വിളി കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം അയച്ച കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, വ്യക്തമായ തെളിവുകളില്ലാതെ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകർക്കുമെന്നും കേസില്‍ നിന്ന് പിന്മാറുന്നത് തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ നിരീക്ഷിച്ചു. ഭരണഘടനയോടാണ് തന്റെ സത്യപ്രതിജ്ഞയെന്നും ഒരു തരത്തിലുള്ള സമ്മർദ്ദങ്ങള്‍ക്കും താൻ വഴങ്ങില്ലെന്നും ജഡ്ജി നേരത്തെ വ്യക്തമാക്കിയിരുന്നു.

കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കെജ്‌രിവാളിന്റെ നീക്കം അദ്ദേഹത്തിന് വലിയ നിയമക്കുരുക്കുകള്‍ക്ക് കാരണമായേക്കാമെന്നാണ് നിയമവിദഗ്ധർ കരുതുന്നത്. ഇത് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് അടക്കമുള്ള നടപടികളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. മദ്യനയക്കേസില്‍ വിചാരണ കോടതി കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയതിന് എതിരെ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങള്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതയും കെജ്‌രിവാള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *