സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന പരാതിയുമായി ചന്ദ്രബോസിന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു.
കേസില്‍ ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. നിഷാം ഈ തുക നല്കുന്നില്ലെങ്കില് സര്‍ക്കാര്‍ അത് നല്‍കണമെന്നാണ് വിചാരണ കോടതി ഉത്തരവെന്ന് ജമന്തി ചന്ദ്രബോസ് സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്കെതിരേ നിഷാം നല്കിയ ഹരജിയില്‍ അദ്ദേഹത്തിന് അനുകൂലമായ ഉത്തരവ് ഉണ്ടായാല്‍ ഈ നഷ്ടപരിഹാരവും നഷ്ടമാകില്ലെയെന്ന് സുപ്രിംകോടതി ആരാഞ്ഞു. എന്നാല്‍ നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ജമന്തി ചന്ദ്രബോസിന് വേണ്ടി ഹാജരായ അഭിഭാഷകന് എം.ആര്. അഭിലാഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത. സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് മുഹമ്മദ് നിഷാം നല്കിയ ഹരജി പരിഗണിക്കവെയാണ് ചന്ദ്രബോസിന്റെ ഭാര്യ ഈ ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. നിഷാമിന് ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഇടക്കാല ജാമ്യത്തില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ജമന്തി ചന്ദ്രബോസിനോടും സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. കേസിലെ ശിക്ഷക്കെതിരേ നിഷാം ഫയല്‍ ചെയ്ത ഹര്‍ജി മെയ് 8ന് പരിഗണിക്കാനായി മാറ്റി. സംസസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. നിഷാമിന് വേണ്ടി അഭിഭാഷകന് ഹാരിസ് ബീരാന് ഹാജരായി.
