വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകള്‍ക്ക് 26ന് രാഹുല്‍ ഗാന്ധി തറക്കല്ലിടും

വയനാട് ദുരിത ബാധിതർക്കായി കോണ്ഗ്രസ് നിർമിച്ചു നല്‍കുന്ന വീടുകള്‍ക്ക് ഫെബ്രുവരി 26ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തറക്കല്ലിടും.

കല്‍പ്പറ്റ മേപ്പാടിയില്‍ 3.24 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.

ആകെ 5.42 ഏക്കറില്‍ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുകയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളില്‍ നിർമാണം പൂർത്തിയാക്കും.

യൂത്ത് കോണ്ഗ്രസ് ഒരുകോടി രൂപ നല്‍കി. കെപിസിസിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകള്‍ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കുക. എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.

മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തില്‍ വീടു നിർമിക്കുക. ഏഴാഞ്ചിറയില്‍ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്റില്‍ 25 ലക്ഷം രൂപ ചെലവിലാണു വീടുകള്‍ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളില്‍ താമസിച്ചിരുന്നവർ, സാങ്കേതിക കാരണങ്ങളാല്‍ സർക്കാർ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കള്‍.

മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകള്‍ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവട സ്ഥലങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് 40 വ്യാപാരികള്‍ക്ക് അഞ്ചുലക്ഷം വീതം ചടങ്ങല്‍ നല്‍കും. ഷാഫി പറമ്പില് എംപി, എ.പി. അനില് കുമാര്, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് എന്നിവര് വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *