വീണ്ടും പിൻവാതില്‍ നിയമനം; സിപിഎമ്മിന് പ്രിയപ്പെട്ടവര്‍ക്ക് പൊലീസാകാൻ രഹസ്യപരീക്ഷ

 സിപിഎം അനുകൂലികളായ ബോഡി ബില്‍ഡർമാർക്ക് നിയമവിരുദ്ധമായി പൊലീസില്‍ സ്‌പോർട്‌സ് ക്വാട്ട നിയമനം നല്‍കാൻ വീണ്ടും നീക്കം

സിപിഎം നേതൃത്വവുമായി അടുത്തബന്ധം പുലർത്തുന്ന ഷിനു ചൊവ്വ, കൊച്ചി സ്വദേശി ചിത്തിരേഷ് നടേശൻ എന്നിവർക്ക് കാര്യവട്ടം എല്‍എൻസിപി ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിർദേശമനുസരിച്ച്‌ ഇതിനായി ഡിജിപി ഉത്തരവിട്ടു. കഴിഞ്ഞ ജൂലായില്‍ കിഷോർ കൃഷ്‌ണൻ, കെ എൻ മുഹമ്മദ് മുഹസിൻ എന്നിവരെ സമാനമായ രീതിയില്‍ എല്‍എൻസിപി ഗ്രൗണ്ടില്‍ നടത്തിയ രഹസ്യ ട്രയല്‍സിലൂടെ പൊലീസില്‍ വോളിബോള്‍ താരങ്ങളായി നിയമിച്ചിരുന്നു. ഇവർ പാർട്ടിക്ക് ണെന്നാണ് വിവരം.

രണ്ടു ബോഡിബില്‍ഡർമാരെയും കായിക ക്ഷമതാ പരീക്ഷപോലുമില്ലാതെ എസ്‌ഐ ആയി നിയമിക്കാൻ ഒരു വർഷം മുൻപ് തന്നെ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, പൊലീസ് സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള ഇനങ്ങളില്‍ ബോഡി ബില്‍ഡിംഗ് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നിയമന അപേക്ഷ അന്നത്തെ ഡിജിപി എതിർക്കുകയായിരുന്നു. ഇത് മറികടന്നാണ് ഇവരെ പൊലീസില്‍ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നല്‍കിയത്. പ്രായപരിധിയിലുള്ള മാനദണ്ഡം മറികടന്നുള്ള നിയമനശ്രമം മുൻപ്‌ വിവാദമായതോടെ കായികക്ഷമത പരീക്ഷ നടത്തിയെങ്കിലും ഷിനു പരാജയപ്പെട്ടു. ചിത്തിരേഷ് പരീക്ഷയില്‍ പങ്കെടുത്തതുമില്ല. പൊലീസ് തന്നെ കരുതി കൂട്ടി തോല്‍പ്പിക്കുകയായിരുന്നെന്ന് ആരോപിച്ച്‌ ഷിനു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ കാലാവധി കഴിയുംമുൻപ് തന്നെ രഹസ്യപരീക്ഷ നടത്തി അനധികൃതനിയമനം നല്‍കാൻ നീക്കം നടത്തുന്നത്.

പൊതുവെ പേരൂർക്കടയിലെ പൊലീസ് ഗ്രൗണ്ടിലാണ് കായികക്ഷമതാ പരീക്ഷകള്‍ നടത്താറുള്ളത്. എല്ലാവർക്കും കാണാനാകുന്ന വിധമാണ് ഇവിടെ പരീക്ഷകള്‍ നടക്കുന്നത്. അതിനാലാണ് പുറത്ത് നിന്നുള്ളവർക്ക് കാണാൻ സാധിക്കാത്ത കാര്യവട്ടം എല്‍എൻസിപി ഗ്രൗണ്ടില്‍ രഹസ്യ പരീക്ഷ നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *